ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിച്ച കടയില്‍ തീപിടിത്തം
മഞ്ചേരി: മംഗലശ്ശേരിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിച്ച കടക്ക് തീപിടിച്ചു. ഇന്നലെ രാവിലെ പത്തോടെ മംഗലശ്ശേരി കളത്തിങ്ങല്‍ മുഹമ്മദ് ബഷീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യു.ബി ഇലക്ട്രിക്കല്‍ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രണ്ടു നിലകളില്‍ പ്രവര്‍ത്തിക്കുന്ന കടയിലെ വിവിധ ഉപകരണങ്ങളായ ഫാന്‍, കുക്കര്‍, സ്റ്റൗവ് എന്നിവയും പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു വസ്തുക്കളും പൂര്‍ണമായും കത്തിനശിച്ചു. 1500 സ്‌ക്വയര്‍ഫീറ്റ് വരുന്ന മുകളിലെ വിശാലമായ ഹാളിലാണ് ഇത്തരം ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ഉപകരണങ്ങള്‍ പാക്കുചെയ്യാന്‍ ഉപയോഗിക്കുന്ന കവറുകള്‍ സൂക്ഷിച്ച ഭാഗത്താണ് ആദ്യം തീ കണ്ടത്. തീ ശക്തമായി പടര്‍ന്നതോടെ മുകളിലെ നില പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരുടേയും ഫയര്‍ ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം കടയുടെ താഴ്ഭാഗത്തേക്കും പരിസരത്തെ വീടുകളിലേക്കും തീ പടരാതെ സൂക്ഷിക്കാന്‍ സാധിച്ചു.
ഗോഡൗണിന്റെ താഴ്ഭാഗത്തു ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരും മറ്റു തൊഴിലാളികളും ഉണ്ടായിരുന്നു .സംഭവത്തില്‍ ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടന്നാണ് കണക്കാക്കുന്നത്. അതേസമയം കൃത്യമായ കണക്കുകള്‍ അറിവായിട്ടില്ല. മഞ്ചേരി അഗ്നിശമന സേനയിലെ പി.ടി ഉമ്മറിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍ാന്‍ ഷാജു സെബാസ്റ്റ്യന്‍, പ്രദീപ്കുമാര്‍, ശമീം, സൈനുല്‍ ആബിദ്, മണികണ്ഠന്‍ എന്നിവരാണ് തീ അണച്ചത്. മഞ്ചേരി അഗ്‌നി ശമനസേനക്കു പുറമെ തിരുവാലി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സേനാഗംങ്ങളും തീ അണക്കാന്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."