വേനപ്പാറ സ്‌കൂളിനെതിരേ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കള്‍
കോടഞ്ചേരി: വേനപ്പാറ ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്ത്. ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരെ ബുദ്ധിമുട്ടിക്കുന്നതായാണ് രക്ഷിതാക്കളുടെ പരാതി.
കഴിഞ്ഞ ദിവസം സ്‌കൂളിനു വേണ്ടി വാങ്ങിയ ബസിന്റെ സമയക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവിലത്തേതെന്ന് ഇവര്‍ പറയുന്നു. രാവിലെ 9.10 ന് വന്നിരുന്ന സ്‌കൂള്‍ ബസ് മുന്നറിയിപ്പില്ലാതെ 8.40 ന് വന്നുവെന്നും മദ്‌റസയില്‍ പോയി തിരിച്ചു വന്ന വലിയ ഒരു വിഭാഗം കുട്ടികള്‍ക്ക് മറ്റു വണ്ടികള്‍ പിടിച്ച് പോകേണ്ടി വന്നതായും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഇങ്ങനെയൊക്കെയേ കഴിയൂ എന്നും സ്‌കൂള്‍ വണ്ടി വരുന്ന സമയത്തേക്ക് മറ്റുള്ളതും പാകപ്പെടുത്തണം'' എന്നും മറുപടി പറഞ്ഞുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വൈകിട്ട് വണ്ടി വൈകിയെത്തുന്നതു മൂലവും മദ്‌റസയില്‍ പോകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. 90 ശതമാനത്തോളം മുസ്‌ലിം കുട്ടികള്‍ തന്നെയാണ് പടിക്കുന്നതെന്ന് പി.ടി.എ പ്രസിഡന്റ് സമ്മതിക്കുന്ന സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് പോകുന്നതിന് പോലും നിയന്ത്രണമുണ്ടെന്നും ചോദിച്ചിട്ടും വിടാത്തതിനാല്‍ പള്ളിയില്‍ പോയ കുട്ടിയെ രക്ഷിതാവിനെ കൂട്ടി വരാന്‍ പറഞ്ഞുവെന്നും ആരോപണമുണ്ട്. പി.ടി.എ ജനറല്‍ ബോഡി സുതാര്യമല്ലെന്നും ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച് പ്രഖ്യാപിക്കലാണെന്നും ചോദ്യം ചെയ്യുന്നവരെ തഴയുന്നുവെന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു.
പ്രവേശന ഫീസായി പലരില്‍ നിന്നും 1500 രൂപ വാങ്ങി റസീപ്റ്റ് നല്‍കാത്ത സംഭവവും ഉണ്ടായിട്ടുണ്ട്. അഡ്മിഷന്‍ ഫീസിനത്തില്‍ ആകെ കിട്ടിയത് 30,000 ത്തില്‍ താഴെ മാത്രമെന്നും സ്‌കൂള്‍ വണ്ടികളുടെ സമയമാറ്റം രക്ഷിതാക്കളെയും ബന്ധപ്പെട്ടവരെയും അറിയിച്ചട്ടേ നടപ്പിലാക്കാവൂ എന്നും പറഞ്ഞ പി.ടി.എ അംഗത്തെ പിന്നീട് നടന്ന യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സംഖ്യയായ 1000 രൂപയില്‍ 100 രൂപ സ്ഥാപനം ഈടാക്കിയിരുന്നതായും രക്ഷിതാക്കള്‍ പറയുന്നുസ്‌കൂള്‍ അധികൃതരുടെ നിലപാടിനെതിരേ വ്യത്യസ്ത സംഘടനകളും രക്ഷിതാക്കളും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
'ആരോപണങ്ങള്‍ അടിസ്ഥാനരഹിതം'
കോടഞ്ചേരി: വേനപ്പാറ ലിറ്റില്‍ഫ്‌ളവര്‍ യു.പി സ്‌കൂളിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് തോമസ്.
പുതിയ ബസ് വാങ്ങിയപ്പോഴുള്ള സ്വാഭാവിക സമയമാറ്റമാണ് ഉണ്ടായതെന്നും പള്ളിയില്‍ വിടാറില്ല, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഫുള്‍സ്ലീവ് വിലക്കി തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സ്‌കൂളിനെ തകര്‍ക്കാന്‍ ആരൊക്കെയോ ബോധപൂര്‍വം ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."