കൊടിയത്തൂര്‍ വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി
മുക്കം: പഞ്ചായത്ത് ഭരണ സമിതിയുടേയും സി.പി.എമ്മിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് കൊടിയത്തൂര്‍ വില്ലേജ് ഓഫിസര്‍ സുബ്രഹ്മണ്യനെ സ്ഥലം മാറ്റി.
മേപ്പയ്യൂരിലേക്കാണ് സ്ഥലം മാറ്റിയതെന്നാണ് വിവരം. ഭരണപക്ഷത്തിന്റെ ഒരു മാസത്തോളം നീണ്ടു നിന്ന നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വില്ലേജ് ഓഫിസറെ സ്ഥലംമാറ്റിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതായി ആരോപിച്ച് ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും വില്ലേജ് ഓഫിസറും തമ്മില്‍ കഴിഞ്ഞ ഒരു മാസമായി തുറന്ന പോരിലായിരുന്നു.
ദുരിതബാധിതരായ നിരവധി കുടുംബങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ നിന്ന് പുറത്തായത് വില്ലേജ് ഓഫിസറുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം വില്ലേജ് ഓഫിസറെ ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ വിഷയത്തില്‍ ഇടപെടുകയും അര്‍ഹരായ എല്ലാവര്ക്കും നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നിട് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ പലരുടേയും അക്കൗണ്ട് നമ്പര്‍ തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് സഹായം നഷ്ടപ്പെട്ടപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്ക് കഴിഞ്ഞ ആഴ്ച മാര്‍ച്ചും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."