പുഴയോരം ഇടിയുന്നു; ആശങ്കയോടെ പ്രദേശവാസികള്‍
കോട്ടത്തറ: പ്രളയത്തില്‍ നിന്ന് മുക്തമാവാത്ത കോട്ടത്തറ പഞ്ചായത്തില്‍ ഇരുപുഴകളുടെയും പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞു തുടങ്ങിയതോടെ പ്രദേശത്തെ പ്രധാന നിരത്തുകളും അപകട ഭീഷണിയില്‍.
വെണ്ണിയോട് കോട്ടത്തറ റോഡിലേ പന്ന്യാണ, വെള്ളമ്പാടി ഭാഗങ്ങളില്‍ പുഴയിടിഞ്ഞ് പഞ്ചായത്തിലെ പ്രധാന റോഡ് തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെ അടിയന്തരമായി അപായ സിഗ്‌നലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മൈലാടി ജൂബിലി റോഡിന്റെ കനാലും തകര്‍ന്ന നിലയിലാണ്. കോട്ടത്തറ പുഴക്കം വയല്‍ മൈലാടി റോഡും ചെറുപുഴയുടെ സൈഡ് ഇടിഞ്ഞത് മൂലം അപകട ഭീഷിണിയിലാണ്. പ്രളയത്തെ തുടര്‍ന്ന് പുഴ ഗതിമാറി ഒഴുകിയ കോട്ടത്തറ ടൗണും അപകട നിഴലിലാണ്. അനിയന്ത്രിത മണല്‍ വാരല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്.
പ്രളയകാലത്ത് പുഴ സംരക്ഷിക്കണമെന്നും അനധികൃത മണല്‍വാരല്‍ തടയണമെന്നുമൊക്കെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും യാതൊരു തുടര്‍നടപടികളുമുണ്ടായിട്ടില്ല. മണല്‍ വാരുന്നതിന് പഞ്ചായത്ത് നിയമം കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം. പുഴകളുടെ സംരക്ഷണത്തിന് മുളവല്‍കരണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. മഴ വീണ്ടും ശക്തമായതോടെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. പുഴ സംരക്ഷണത്തിനും മണല്‍ വാരലിന് നിയന്ത്രണവുമേര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രദേശം വീണ്ടും ദുരന്തമുഖമാകാന്‍ സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."