അധികൃതര്‍ കനിഞ്ഞില്ല; ജാനകി വീണ്ടും തകര്‍ന്ന വീട്ടിലേക്ക്
മാനന്തവാടി: അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല, ജാനകി വീണ്ടും തകര്‍ന്ന വീട്ടിലേക്ക്. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി തച്ചറക്കൊല്ലി വടക്കുംമുലയില്‍ ജാനകിയുടെ വീടാണ് ഓഗസ്റ്റ് ഒന്‍പതിന് ഉണ്ടായ പ്രളയത്തില്‍ തകര്‍ന്നത്.
പ്രദേശത്ത് അതിഭീകരമായ മണ്ണിടിച്ചിലാണ് ഉണ്ടായത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ കുടുംബങ്ങളെ തൃശ്ശിലേരി സ്‌കൂളിലെ ഭുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. സ്‌കൂളില്‍ പഠനം ആരംഭിച്ചതൊടെ ഇവരെ പ്രദേശത്തെ മതസ്ഥാപനത്തിലേക്ക് മാറ്റി. 67 കാരിയായ ജാനകിക്ക് മുന്‍പേ ഹൃദയവാല്‍വിന് തകരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് മാറിത്താമസിച്ചതോടെ രോഗം മൂര്‍ചിച്ചു. ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. തിരിച്ചെത്തിയ ജാനകി കുറച്ചു കാലം ബന്ധുവീട്ടില്‍ താമസിച്ചുവെങ്കിലും അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന വീട്ടിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിതമായത്. കുത്തനെയുള്ള കയറ്റം നിഷ്പ്രയാസം നടന്നു കയറിയ ജാനകിയെ പ്രളയത്തിന് ശേഷം സ്ട്രച്ചറില്‍ കിടത്തി വീട്ടിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയിലെത്തിച്ചു.
കാല്‍നടയാത്ര പോലും ദുഷ്‌കരമായതും മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്ന് ചെളിവെള്ളം ഒഴുകി കൊണ്ടിരിക്കുന്ന റോഡിലൂടെ അതിസാഹസികമായാണ് വീട്ടിലെത്തിച്ചത്. കാര്യമായ സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നും കുറിച്യ വിഭാഗത്തില്‍പ്പെട്ട ഇവര്‍ പറഞ്ഞു. വീട്ടിലേക്ക് കയറി പോകാന്‍ വഴി പോലും ഇല്ലാത്ത സാഹചര്യമാണ്.
നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും കാല്‍നടയാത്രക്ക് അനുയോജ്യമായ വഴി പോലും നിര്‍മ്മിച്ച് നല്‍കിയിട്ടില്ല. തങ്ങളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സന്‍മനസ്സുള്ളവര്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ജാനകിയും കുടുംബവും. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ട് ഉള്ള സ്ഥലമായതിനാല്‍ തന്നെ വില്‍പ്പന നടത്താന്‍ കഴിയാത്ത സ്ഥിതിയുമാണെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."