പി.എസ്.സി തട്ടിപ്പില്‍ പൊലിസിനെതിരേ വാളെടുത്ത് ഹൈക്കോടതി: മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായല്ലോ, ഈ കേസിലെ പ്രതികളെ എന്തുകൊണ്ടു പിടികൂടുന്നില്ലെന്നും കോടതി
കൊച്ചി: പി.എസ്.സി പരീക്ഷാ തട്ടിപ്പിലും യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിലും ഉള്‍പ്പെട്ട മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും അറസ്റ്റു ചെയ്യാത്തതില്‍ പൊലിസിനെതിരേ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.
'മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സുപ്രിം കോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലിസ് മടിക്കുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
കേസില്‍ ഉള്‍പ്പെട്ടത് മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവരായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമോ പൊലിസിന്റെ സമീപനമെന്നും കോടതി ചോദിച്ചു.
യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ മൊബൈല്‍ വഴി അയച്ചുകൊടുത്ത സഫീറിന്റെയും കുത്തുകേസിലെ മൂന്നാം പ്രതി അമറിന്റയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികളുടെ ഉന്നത സ്വാധീനമാണോ അറസ്റ്റ് ഒഴിവാകാന്‍ കാരണമെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ചോദിച്ചു. പരീക്ഷാ ക്രമക്കേടിന് പി.എസ്്.സിയെയും കോടതി വിമര്‍ശിച്ചു. പ്രതികള്‍ മൊബൈല്‍ഫോണ്‍ എങ്ങനെ പരീക്ഷാ ഹാളില്‍ കടത്തിയെന്ന് പരിശോധിക്കണം. സ്വാധീനമുള്ളവര്‍ക്ക് പരീക്ഷകളില്‍ ക്രമക്കേടു നടത്താനാകുമെന്നതിന് തെളിവാണിതെന്നും കോടതി പറഞ്ഞു.
കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികത്വമല്ല കണക്കിലെടുക്കേണ്ടത്. അമറിനെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണെന്നും കോടതി പറഞ്ഞു. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."