കോടികള്‍ ചെലവിടുമ്പോഴും കൊറഗര്‍ക്ക് ദുരിതജീവിതം ബാക്കി
അശോക് നീര്‍ച്ചാല്‍
ബദിയഡുക്ക: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു കോടികള്‍ ചെലവഴിക്കുമ്പോഴും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കൊറഗ വിഭാഗത്തിനു ബാക്കിയാകുന്നത് ദുരിതജീവിതം. നടപ്പാക്കാത്തതും പാതിവഴിയില്‍ മുടങ്ങിയതുമായ പദ്ധതികള്‍ ഒരു വഴിക്കുനീങ്ങുമ്പോള്‍ ഗുണഭോക്താക്കളായ കൊറഗരുടെ ജീവിതം ദുരിതമയം തന്നെയാണ്. തീര്‍ത്തും ഉപയോഗശൂന്യമായ വീടുകളിലാണ് ഈ പിന്നാക്ക വിഭാഗം ഇപ്പോഴും താമസിക്കുന്നത്. ഒരു തരത്തിലും കൊറഗ വിഭാഗക്കാര്‍ക്ക് ആവശ്യമില്ലാത്ത പദ്ധതികള്‍ക്ക് നടുവിലാണ് അവരിപ്പോഴും താമസിക്കുന്നത്.
ബദിയഡുക്ക പഞ്ചായത്തിലെ മാടത്തടുക്ക കൊറഗ കോളനിയിലേക്കു കടക്കുമ്പോള്‍ ഗേറ്റ് പരിസരത്ത് കാണുന്നത് കോളനിയില്‍ 45,040 രൂപ മണ്ണ് സംരക്ഷണ പദ്ധതിക്ക് ചെലവിട്ടത് വിവരിക്കുന്ന ബോര്‍ഡാണ്. 2014-15കാലയളവിലാണ് പദ്ധതി നടത്തിപ്പിനായി ഈ തുക ചെലവഴിച്ചത്. പ്രകൃതിക്കു മാറ്റം സംഭവിക്കുന്ന പ്രവൃത്തികള്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട കൊറഗ വിഭാഗക്കാര്‍ ചെയ്യാറില്ല. പ്രകൃതിയോടിണങ്ങിയാണ് ഇവര്‍ ഇന്നും ജീവിക്കുന്നത്. മണ്ണ് സംരക്ഷണം വേണം. എന്നാല്‍ ഇവര്‍ക്ക് അത്യാവശ്യമായി വേണ്ടിയിരുന്നത് വൈദ്യുതിയും ശുചിമുറിയുമാണ്.
പ്രാഥമികാവശ്യങ്ങള്‍ നടപ്പാക്കാതെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ ഇവിടെ നടപ്പാക്കിയത്. മുന്‍ഗണനാക്രമം തെറ്റി കോളനികളില്‍ നടപ്പാക്കുന്ന പദ്ധതികളിലൊന്നു മാത്രമാണിത്. നാലേക്കറോളമുള്ള സ്ഥലത്ത് ആറുവീടുകളുള്ള കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി എവിടെ നടത്തിയെന്ന് കോളനിവാസികള്‍ക്കറിയില്ല. നിര്‍മാണ പ്രവര്‍ത്തനം പോലെ കണ്ടുപിടിക്കാനാവുന്നതല്ല മണ്ണ് സംരക്ഷണം. പരാതിയുണ്ടായാല്‍ പോലും മഴക്കാലത്തിനുശേഷം മണ്ണ് സംരക്ഷണം നടപ്പാക്കിയതിന്റെ അടയാളങ്ങള്‍ പോലും കണ്ടുപിടിക്കാനാവില്ല. പ്രകൃതിക്കുതന്നെ മാറ്റം സംഭവിച്ചിരിക്കും. ഇതൊക്കെ പണം തട്ടാനുള്ള അടവ് മാത്രമാണെന്നതാണ് വസ്തുത.
വൈദ്യുതിയും ശുചിമുറിയുമില്ല
കോളനിയിലെ വിജയന്റെയും രാഘവന്റെയും വീട്ടില്‍ വൈദ്യുതിയും ശുചിമുറിയുമില്ല. 15 വര്‍ഷം മുന്‍പ് പണിത വീടുകളാണിത്. വയറിങും നടത്തിയിട്ടില്ല. മണ്ണെണ്ണ വിളക്ക് അല്ലെങ്കില്‍ മെഴുകുതിരി ഉപയോഗിച്ചാണ് രാത്രി കഴിയുന്നത്. ഒരു സിറ്റൗട്ടും അടുക്കളയും രണ്ടുമുറികളുമുള്ള വീട്ടിനകത്ത് കട്ടിലിടാനും ഉയര്‍ന്നിരിക്കാനും പറ്റാത്ത അവസ്ഥയാണ്. വെളിച്ചം കടക്കാത്ത ജനലും പുക പുറത്തുപോകാത്ത ചിമ്മിണിയുമുള്ള വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ പുകയും കരിയും ദേഹത്ത് വീണ് ദുരിതമനുഭവിക്കുകയാണിവര്‍.
വസ്ത്രങ്ങളിലും ദേഹത്തും ഭക്ഷണത്തില്‍ പോലും കരി വീഴുന്നു.
വീടിന് അകത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പുറത്താണിവര്‍ കഴിയുന്നത്. പല വീടുകളിലും വിള്ളലും ചോര്‍ച്ചയുമുണ്ട്. മഴയത്ത് മുറിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വെള്ളമിറങ്ങാതെ അകത്തുകയറാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരെ കൂടാതെ അങ്കാറ, വിജയ, ഗോപാലകൃഷ്ണ എന്നിവരുടെ വീട്ടിലും ശുചിമുറിയില്ല. വീടിന്റെ പ്ലാനില്‍ ശുചിമുറിക്കുള്ള സ്ഥലം എല്ലാ വീട്ടിലും നീക്കിവച്ചിട്ടുണ്ട്. ബദിയടുക്ക പഞ്ചായത്തിലെ മാടത്തടുക്ക, കാടമന, കാര്യാട്, പെരിയടുക്ക കൊറഗ കോളനികളിലൊന്നും വാസയോഗ്യമായ വീടുകളില്ല. പുതിയ വീടുകള്‍ നല്‍കുന്നില്ലെന്നും അറ്റകുറ്റപണികള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. മാതാപിതാക്കള്‍ക്കു വര്‍ഷങ്ങള്‍ക്കു മുന്‍പു ലഭിച്ച വീടുകളിലാണ് താമസിക്കുന്നത്. സ്വന്തമായ വാസയോഗ്യമായ വീടുകളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയി(ലൈഫ്)ലും ഇവര്‍ക്ക് വീട് ലഭിക്കുന്നില്ല. മുന്‍പ് ഇവര്‍ക്ക് മാത്രമായി പഞ്ചായത്ത് തലത്തില്‍ വീടുകള്‍ക്ക് പദ്ധതികളുണ്ടായിരുന്നത് ലൈഫ് വന്നതോടെ നഷ്ടമായതായി ഇവര്‍ ആരോപിക്കുന്നു.
2012 മുതല്‍ 14വരെ കൊറഗര്‍ക്കു മാത്രമായുള്ള ഭവന പദ്ധതിയിലും 2015-2016 പട്ടികവര്‍ഗര്‍ക്ക് മാത്രമായുള്ള പദ്ധതിയിലും പരിഗണിച്ചില്ല. അറ്റകുറ്റപണികള്‍ക്കുപണം നല്‍കിയാല്‍ പുതിയ വീട് ആറുവര്‍ഷത്തേക്കു ലഭിക്കില്ല. പുതിയ വീടുകള്‍ നല്‍കാനാണ് അറ്റകുറ്റപണി നടത്താത്തതെന്നാണ് പട്ടികവര്‍ഗ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. ഊരുകൂട്ടത്തില്‍ കോളനി മൂപ്പനും പട്ടികവര്‍ഗ പ്രമോട്ടറുമൊക്കെ മുന്‍ഗണനാക്രമത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നവരുടെ പട്ടികയിലുള്ളവര്‍ക്കു നല്‍കാതെ മറ്റുള്ളവര്‍ക്കു നല്‍കുന്നുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."