പാങ്ങപ്പാറ ദുരന്തം: പ്രദേശത്ത് സമാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുന്നു
കഠിനംകളം: പാങ്ങപ്പാറ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവമുണ്ടായിട്ടും ജാഗ്രതയില്ലാതെ അധികൃതര്‍. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ മുന്‍കരുതലുകളെടുക്കാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമത്തെ കാറ്റില്‍ പറത്തിയും ഉദ്യോഗസ്ഥ ലോബിയെ വിലക്കെടുത്തുമാണ് പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മാണം നടന്നിരുന്നത്. പാങ്ങപ്പാറ മോഡലില്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പടുക്കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങളുടെ നിര്‍മാണം പൊടിപൊടിക്കുകയാണ്. നാലു ജീവനുകള്‍ നഷ്ട്ടപ്പെട്ടപ്പോഴാണ് പാങ്ങപ്പാറയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കമ്പനിയുടെ അശാസ്ത്രീയതയും താന്തോന്നിത്തരവും പുറംലോകം അറിഞ്ഞത്.
ജനവാസ കേന്ദ്രത്തിലും വയല്‍ നികത്തിയുള്ള സ്ഥലത്തുമായി നിരവധി ഫ്‌ളാറ്റുകളാണ് പ്രദേശത്ത് പലയിടങ്ങളിലായി നടക്കുന്നത്. ഇതിനൊക്കെ ബന്ധപ്പെട്ടവിഭാഗത്തിന്റെ അനുമതിയോ സര്‍ട്ടിഫിക്കറ്റുകളോ കിട്ടിയിട്ടില്ല എന്നതാണ് പൊതുജനാക്ഷേപം. ഏക്കര്‍ കണക്കിന് സ്ഥലം കെട്ടിപ്പൂട്ടി ആവശ്യത്തിന് പ്രദേശവാസികളായ ഗുണ്ടകളെ സെക്യൂരിറ്റിയായി നിലയുറപ്പിച്ച് പരിസരത്തെ പുറമ്പോക്ക് ഭൂമിയും പുഴയും കുളവും തോടും കൈയേറിയാണ് ഫ്‌ളാറ്റ് മാഫിയാ സംഘം പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ നോട്ടപ്പുള്ളികളാക്കി അവരെ പല രീതിയില്‍ ആക്രമിച്ച സംഭവങ്ങളും ഈ നാട്ടില്‍ പല സമയങ്ങളിലും അരങ്ങേറിയിട്ടുണ്ട്.
മൂന്ന് ഇതര സംസ്ഥാന സ്വദേശികളുള്‍പ്പെടെ നാല് തൊഴിലാളികളുടെ ജീവന്‍ അപഹരിച്ച പാങ്ങപ്പാറ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ മറവില്‍ ഇവിടെ നിന്നും മണല്‍ കടത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജോഫിസില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ചിലര്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്ക് ഒത്താശചെയ്തു നല്‍കിയിരുന്നതായുമുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്ന് കൊണ്ടിരിക്കന്നത്. ഇവിടെ നിന്നും മണ്ണെടുത്തു മുട്ടത്തറ സി.ബി.ഐ ഓഫിസ് പുരയിടം നികത്തുവാന്‍ എന്ന പേരില്‍ മൈനിങ് ആന്‍ഡ് ജിയോളജി പാസ് വാങ്ങി ആക്കുളത്തുള്ള സ്വകാര്യ കോളജിന് വേണ്ടിയുള്ള പുരയിടം നികത്തുവാന്‍ കൊണ്ടുപോകുന്നുവെന്ന പരാതിയെ തുടര്‍ന്ന് പേട്ട പൊലിസ് ഒന്നര മാസം മുന്‍പ് ഒരു മണ്ണുമായി വന്ന ടിപ്പര്‍ ലോറി പിടിച്ചെടുക്കുകയും മണ്ണെടുക്കല്‍ തടയണമെന്ന് പറഞ്ഞു റവന്യൂ അധികാരികള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് അനുമതി വീണ്ടെടുക്കുകയായിരുന്നു.
ഈ മണ്ണൊക്കെ റോഡ് നിരപ്പില്‍ നിന്നും 50 അടി താഴ്ചയില്‍ കുഴിച്ച് മാറ്റിയതാണെന്നത് മറ്റൊരു സത്യം. വസ്തുക്കള്‍ വാങ്ങി ഒന്നാക്കിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ ഭൂമി നിരപ്പായ പ്രദേശങ്ങളല്ല. കുണ്ടും കുഴിയും കുന്നും നിറഞ്ഞ ഈ സ്ഥലം നിരപ്പാക്കാതെയും മറ്റുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ന്നടത്തിയത്. ഇതില്‍ അപകടം നടന്നതിന്റെ മറ്റൊരു വശത്തു ഇപ്പോള്‍ വാങ്ങിയ വസ്തുവിന്റെ ഒരുവശത്തെ പതിനാല് സെന്റ് ഭൂമിയില്‍ ജെ.സി.ബി ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ പരിസരത്തുള്ളവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മതില്‍ കെട്ടി നല്‍കിയ സംഭവവും ഇവിടെ നടന്നിട്ടുണ്ട്.
മണ്ഡലത്തിലെ ആറ്റിപ്ര, കരിയില്‍, കഴക്കൂട്ടം, ശ്രീകാര്യം, മണ്‍വിള, കല്ലിങ്ങള്‍ ,കോട്ടൂര്‍, തൃപ്പാദപുരം പ്രദേശങ്ങളില്‍ സമാനമായ ഫ്‌ളാറ്റ് നിര്‍മാണം ഇപ്പോഴംഅരങ്ങേറുമ്പോള്‍ അധികൃതര്‍ ഇവിടങ്ങളില്‍ ഒരു പരിശോധന പോലും ന്നടത്താന്‍ ഇതുവരേയും തയാറായിട്ടില്ല. ടെക്‌നോപാര്‍ക്കിന് പുറകില്‍ തൃപ്പാദപുരം കോട്ടൂരില്‍ നീര്‍ത്തടം നികത്തി ജലസ്‌ത്രോതസുകള്‍ നശിപ്പിച്ച് പതിനഞ്ച് ഏക്കറില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് വരുന്നതും അധികാരികളുടെ മൂക്കിന് താഴെ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."