ഹരിതചട്ടം പാലിച്ച് റംസാന്‍ നോമ്പുതുറ
കൊല്ലം: ജില്ലയില്‍ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുളള ജനകീയ പ്രവര്‍ത്തന സമീപനമായ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് റംസാന്‍ നോമ്പുതുറയും. ഭൂരിഭാഗം പള്ളികളിലും സ്വകാര്യ ഇഫ്താര്‍ വിരുന്നുകളിലും ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി സ്റ്റീല്‍, സിറാമിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഏപ്രില്‍ 21 ന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ഗ്രീന്‍ പ്രോട്ടോക്കോളിന് പിന്തുണ അറിയിച്ചിരുന്നു. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത്, ഹരിതകേരളം മിഷനുകളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ വ്യാപകമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗ്രീന്‍ പ്രോട്ടോക്കോളിന് പിന്തുണയേറുന്നത് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് ജില്ലാ കളക്ടര്‍ ഡോ മിത്ര റ്റി പറഞ്ഞു. പ്രചാരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദമായ തുണി, ഇല, ചണം തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പല സംഘടനകളും തയാറാകുന്നുണ്ടെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."