ഉരുള്‍പൊട്ടല്‍; കൃഷിനശിച്ച വീട്ടമ്മക്ക് ദുരിത ജീവിതം
വി.എം ഷണ്‍മുഖദാസ്
പാലക്കാട്: തെന്മലയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ മണ്ണും മണലും, വെള്ളവും കെട്ടിനിന്ന് കൃഷിനാശമുണ്ടായ വീട്ടമ്മക്ക് കൃഷി വകുപ്പോ, സര്‍ക്കാരോ സഹായമായിനല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് ഈ കുടുംബം ആത്മഹത്യയുടെ വക്കിലാണിപ്പോള്‍. കൃഷി വകുപ്പിന് ഓഗസ്റ്റില്‍ തന്നെ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും, ഇതുവരെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ട് പോലുമില്ല.
എലവഞ്ചേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പടിക്കല്ല് കയറംതാണ്ട് കുഞ്ഞമ്മ പീതാംഭരന്റെ നാലേക്കര്‍ സ്ഥലമാണ് പ്രളയത്തില്‍ മുങ്ങിപോയത്. ഇവരുടെ കൃഷിയിടത്തിന് അടുത്തുകൂടി ഒഴുകുന്ന വലിയതോട് പൊട്ടിയാണ് കൃഷിയിടത്തില്‍ വെള്ളവും മണ്ണും കയറിയത്. മൂന്നേക്കറിലുള്ള പാവല്‍, പച്ചപയ്യര്‍ കൃഷിയും, ഒരേക്കറിലെ മഞ്ഞള്‍കൃഷിയും പൂര്‍ണമായും നശിച്ചു. ഇതിനാല്‍ മൂന്ന് ലക്ഷത്തിലധികം രൂപയുടെ കൃഷിനാശമുണ്ടായി.
വിളവെടുത്തുകൊണ്ടിരുന്ന രണ്ടേക്കറിലെ പാവല്‍ കൃഷിയാണ് നശിച്ചത്. തേക്ക്, തെങ്ങ് ,വാഴ എന്നിവയും കൃഷി ചെയ്തിരുന്നു. ആനകളും, പന്നികളും മറ്റു വന്യജീവികളുമെത്തി നശിപ്പിക്കുന്നത് പതിവായതോടെ വാഴക്കൃഷി നിര്‍ത്തിയാണ് പച്ചക്കറി ചെയ്തത്. പ്രളയം ഇവരുടെ ജീവിതം തന്നെ തകര്‍ത്തിരിക്കുകയാണ്
പൊലിമലയിലെ പൂത്തിട്ട് ഭാഗത്തും, മറ്റ് രണ്ടിടങ്ങളിലുമാണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് വര്‍ഷം മുന്‍പും ഇതേ ഭാഗത്തു ഉരുള്‍പൊട്ടി തോട് മുഴുവന്‍ മണ്ണും മണലും കയറി കൃഷിയിടം വെള്ളം കയറി നാശിച്ചിരുന്നു. പിന്നീട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോടിന്റെ സൈഡ് മണല്‍ചാക്ക് അടുക്കി ബണ്ട് ബലപ്പെടുത്തിയിരുന്നുവെങ്കിലും, ഇത്തവണ ശക്തമായെത്തിയ മലവെള്ള പാച്ചിലില്‍ ഇതെല്ലാം തകര്‍ന്നു.
ഇനി കൃഷിയിടത്തിലെ മണ്ണും മണലും പൂര്‍ണമായി മാറ്റിയാല്‍ മാത്രമേ കൃഷിയിറക്കാന്‍ കഴിയുള്ളു. മൂന്നേക്കറിലെ മണ്ണ് മുഴുവന്‍ നീക്കം ചെയ്യാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വരും.അതിനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്കില്ല. കൃഷിയില്‍നിന്നുള്ള വരുമാനം മാത്രമാണ് ജീവിക്കാനുള്ള മാര്‍ഗം. ഇതിപ്പോള്‍ പൂര്‍ണമായും ഇല്ലാതായി. ഇതിനു പുറമെ ആനകളെത്തി തെങ്ങ്്, തേക്ക് എന്നിവയെല്ലാം പിഴുതെടുത്ത് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നികന്ന കൃഷിയിടത്തിലെ മണ്ണും കല്ലും നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് സേവനം നല്‍കുമെന്ന പ്രതീക്ഷയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."