കെയര്‍ഹോം പദ്ധതി: 1750 വീടുകള്‍ പൂര്‍ത്തീകരിച്ചു
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ 1750 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 2000 വീടുകളാണ് ആദ്യ ഘട്ടത്തില്‍ പണികഴിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് പിന്നീട് 2040 വീടുകള്‍ ആയി ഉയര്‍ത്തി. നിലവിലെ കണക്കുകള്‍ അനുസരിച്ച് 2152 വീടുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം 1688 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ കൈമാറി. 62 വീടുകള്‍ കൈമാറ്റത്തിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്. 211 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
രണ്ടാം പ്രളയത്തിന്റെ സാഹചര്യത്തില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാനാവും വിധം പുനര്‍ നിര്‍മാണമോ പുനരധിവാസമോ നടത്താനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനൊരുങ്ങുകയാണ് സഹകരണ വകുപ്പ്.
കഴിഞ്ഞ പ്രളയത്തിന് ശേഷം കുട്ടനാട്ടിലും പത്തനംതിട്ടയിലും കൊല്ലത്തും പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് നിര്‍മിച്ച വീടുകള്‍ ഈ പ്രളയകാലത്ത് കേടുപാടുകള്‍ സംഭവിക്കാതിരുന്നതോടെ ഇതേ മാതൃകയില്‍ മലപ്പുറം, വയനാട് ജില്ലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം പദ്ധതി അവതരിപ്പിക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."