വെയിലായാല്‍ പൊടിശല്യം, മഴയായാല്‍ റോഡ് നിറയെ ചെളി; പൊറുതി മുട്ടി നിലമ്പൂര്‍ ടൗണിലെ യാത്രക്കാരും വ്യാപാരികളും
നിലമ്പൂര്‍: നഗരത്തിലെ പൊടിശല്യവും ചെളിയും മൂലം നിലമ്പൂരില്‍ ജനം പൊറുതിമുട്ടുന്നു. ജലവിതരണ പൈപ്പിടലിന്റെ ഭാഗമായി റോഡ് കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാത്തതിനാല്‍ പൊടി ശല്യം കച്ചവടക്കാരെയും പൊതുജനങ്ങളെയും വലക്കുകയാണ്.
വിദ്യാലയങ്ങള്‍ തുറക്കുകയും പെരുന്നാള്‍ അടുത്തുവരികയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അധികൃതരുടെ അലംഭാവം കച്ചവടത്തെയും ബാധിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിലമ്പൂര്‍ യൂനിറ്റ് കമ്മിറ്റി ആരോപിച്ചു. വെയിലായാല്‍ ടൗണിലൊന്നടങ്കം പൊടിപാറുകയാണ്. ചാറ്റല്‍ മഴ പെയ്താലാവട്ടെ റോഡിലാകെ ചെളിയും നിറയും. കാല്‍ നട പോലും ദു:സ്സഹമാവും. കീര്‍ത്തിപ്പടി മുതല്‍ ജ്യോതിപ്പടിവരെ ഇത്തരത്തില്‍ പൊടിയും ചെളിയും ജനങ്ങള്‍ക്ക് ശല്യമാവുകയാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് വിനോദ് പി. മേനോന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.സഫറുള്ള, ട്രഷറര്‍ ടോമി ചെഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."