പ്രതികളെക്കുറിച്ച് സൂചന ലഭിച്ചില്ല
തൃശൂര്‍: ഇരുമ്പനത്തെയും കൊരട്ടിയിലെയും എ.ടി.എം കൊള്ളയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും പ്രതികളെക്കുറിച്ചു പൊലിസിനു വ്യക്തമായ സൂചന ലഭിച്ചില്ല. രണ്ടു സംഘങ്ങളായി തിരിഞ്ഞു നൂറോളം ഉദ്യോഗസ്ഥരാണ് ഉത്തരേന്ത്യയില്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍, പ്രതികളിലേക്കെത്തുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
സി.സി.ടി.വി ദൃശ്യങ്ങളിലുള്ള പ്രതികളെ കണ്ടെത്തുക ശ്രമകരമാണെന്നു പൊലിസ് തന്നെ പറയുന്നു. ചാലക്കുടിയിലെ സി.സി.ടി.വിയില്‍നിന്നു ലഭിച്ച ദൃശ്യത്തിലുള്ള ഏഴു യുവാക്കളാണ് പ്രതികളെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചില സംശയങ്ങള്‍ മാത്രമാണ് ഇവരെക്കുറിച്ചുള്ളത്. അതുകൊണ്ടുതന്നെ എ.ടി.എം കൗണ്ടറില്‍നിന്നു ലഭിച്ച ദൃശ്യങ്ങളുപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. അങ്കമാലി എ.ടി.എം തട്ടിപ്പ് കേസില്‍ ജാമ്യമെടുത്തു മുങ്ങിയ ബിഹാറുകാരനായ പ്രതിയുടെ വിരലടയാളവും പൊലിസ് പരിശോധിച്ചിരുന്നു.
ചാലക്കുടിയില്‍നിന്നുള്ള പന്ത്രണ്ടംഗ അന്വേഷണസംഘത്തെ നയിക്കുന്നതു ഡിവൈ.എസ്.പി സി.ആര് സന്തോഷാണ്. എറണാകുളത്തുനിന്നുള്ള അന്വേഷണ സംഘത്തിനു സിറ്റി പൊലിസ് കമ്മിഷണര്‍ എന്‍.പി ദിനേശാണ് നേതൃത്വം നല്‍കുന്നത്. ഇതിനു പുറമേ കോട്ടയം സിറ്റി പൊലിസ് കമ്മിഷനറുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘവും അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."