അട്ടിമറിത്തിളക്കം
ബേസല്‍: ആദ്യം വനിതാ സിംഗിള്‍സില്‍ നിലവിലെ ലോക രണ്ടാം നമ്പര്‍ താരം ചൈനീസ് തായ്‌പെയുടെ തായ് സു യിങിനെ അഞ്ചാം നമ്പര്‍ താരമായ സിന്ധു വീഴ്ത്തി, തുടര്‍ന്ന് പുരുഷ സിംഗിള്‍സില്‍ ലോക നാലാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ 19ാം നമ്പര്‍ താരം സായ് പ്രണീത് തകര്‍ത്തു, രണ്ടും ഇന്ത്യക്ക് അട്ടിമറി നേട്ടം. ഇതോടെ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇരുവരും സെമിയിലേക്ക് കുതിച്ചു. സെമിയില്‍ കുതിച്ചതോടെ പുരുഷ സിംഗിള്‍സില്‍ 36 വര്‍ഷം മുന്‍പ് പ്രകാശ് പദുക്കോണ്‍ സ്വന്തമാക്കിയ വെങ്കല മെഡല്‍ വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് സായ് പ്രണീത് കൊണ്ടുവരും. അതേസമയം, സിന്ധു ചാംപ്യന്‍ഷിപ്പില്‍ തന്റെ അഞ്ചാം മെഡലും ഉറപ്പിച്ചു.
ക്വാര്‍ട്ടറിലെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചുവരവ് നടത്തിയാണ് തായ് സൂയിങ്ങിനെ സിന്ധു അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം. സ്‌കോര്‍ 12-21, 23-21, 21-19. ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് മലയാളി താരം തകര്‍ത്തുവിട്ടത്. സ്‌കോര്‍ 24-22,21-14.
പല ടൂര്‍ണമെന്റുകളിലും സിന്ധുവിന്റെ വഴിമുടക്കിയ തായ് സൂയിങ്ങിനെതിരായ വിജയം തികച്ചും ആവേശം നിറഞ്ഞതായിരുന്നു. അദ്യ സെറ്റില്‍ 12-21ന് തീര്‍ത്തും നിറംമങ്ങിയ ഇന്ത്യന്‍താരം തുടര്‍ന്നുള്ള രണ്ടു സെറ്റിലും ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റില്‍ മികച്ച സ്മാഷുകള്‍ കൊണ്ട് സിന്ധുവിനെ അമ്പരപ്പിക്കാന്‍ എതിരാളിക്ക് കഴിഞ്ഞു.
തായ് സൂയിങ്ങിന്റെ വേഗത്തിനും കൃത്യതയ്ക്കും മറുപടി നല്‍കാന്‍ സിന്ധുവിന് കഴിഞ്ഞില്ല. എന്നാല്‍, രണ്ടാം സെറ്റില്‍ എതിരാളിക്കൊപ്പം നില്‍ക്കുന്ന പ്രകടനത്തോടെയാണ് സിന്ധു ജയിച്ചു കയറിയത്.
ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ സെറ്റ് ആര് സ്വന്തമാക്കുമെന്നത് പ്രവചനാതീതമായി. എന്നാല്‍ അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായി സ്മാഷുകള്‍ പുറത്തെടുത്ത സിന്ധു ഗെയിം സ്വന്തമാക്കുകയായിരുന്നു.
നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ രണ്ട് പോയിന്റ് ലീഡ് നിലനിര്‍ത്തിയ തായ് സൂയിനെ അവസാന പോയിന്റുകളില്‍ പിന്നിലാക്കി സിന്ധു അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ആദ്യ സെറ്റില്‍ പ്രണീതും ക്രിസ്റ്റിയും മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും രണ്ടാം സെറ്റില്‍ പ്രണോയ് അനായാസ ജയം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ താരം സെമിയിലേക്ക് കുതിക്കുകയായിരുന്നു. സെമിയില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റ മൊമോട്ടയാണ് പ്രണോയിയുടെ എതിരാളി.
നേരത്തെ ടൂര്‍ണമെന്റില്‍ നിന്നും സൈന നെഹ്‌വാള്‍, ശ്രീകാന്ത്, പ്രണോയ് എന്നിവര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനോടാണ് സൈന അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-15, 25-27, 12-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."