കുന്നിറങ്ങി കൂട്ടുകാരെത്തി; ദിഷയുടെ വീട്ടുമുറ്റം വിദ്യാലയമായി
ചെറുവത്തൂര്‍: ഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ദിഷയ്ക്ക് പഠനമധുരം പകരാന്‍ കൂട്ടുകാരും അധ്യാപകരും വീട്ടിലെത്തി. ദിഷ പഠനത്തിനായി എത്തിയിരുന്ന കൂളിയാട് ഗവ. ഹൈസ്‌കൂളിലെ സഹപാഠികളാണ് അധ്യാപകര്‍ക്കൊപ്പം എത്തിയത്.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ കനിയാത്തതിനെ തുടര്‍ന്നു വിദ്യാലയത്തിലേക്ക് എത്താന്‍ കഴിയാത്ത ചീമേനി അറുകരയിലെ ദിഷാ ദിനചന്ദ്രന്റെ സങ്കടങ്ങള്‍ കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപോര്‍ട്ട് ചെയ്തിരുന്നു.
ശാരീരിക അവശതകള്‍ മൂലം ഈ മൂന്നാം ക്ലാസുകാരിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ല. കുട്ടിയെയുമെടുത്ത് ചെങ്കുത്തായ കയറ്റം കയറാന്‍ കഴിയാതെ വന്നപ്പോഴാണ് പഠനം നിലച്ചത്. സ്‌കൂള്‍ ഐ.ഇ.ഡി സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വീട്ടിലെത്തി പഠിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇടുങ്ങിയ വഴികളിലൂടെ കുന്നിറങ്ങി ദിഷയുടെ വീട്ടിലെത്താന്‍ കൂട്ടുകാരും നന്നേ പാടുപെട്ടു.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധീനതയിലുള്ള ഭൂമിയില്‍ 150 മീറ്റര്‍ ദൂരം വാഹനങ്ങള്‍ക്കു കടന്നുവരാന്‍ വഴിയൊരുക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള 'വിദ്യാലയം വീട്ടുമുറ്റത്ത് ' പദ്ധതി ഉദ്ഘാടനം ചെയ്തു.
എം.വി ഗീത അധ്യക്ഷയായി. സുഭാഷ് അറുകര, പി. വേണുഗോപാലന്‍, പി. ചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, സി. രാമകൃഷ്ണന്‍, ദിനേശന്‍ സംസാരിച്ചു.
കൂട്ടുകാരോടൊപ്പം വിദ്യാലയത്തിലിരുന്നു പഠിക്കാന്‍ വഴിയൊരുക്കണമെന്ന അപേക്ഷയിലാണ് ദിഷയുടെ മാതാപിതാക്കളായ ദിനചന്ദ്രനും പ്രിയയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."