മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട് പൊളിച്ചുനീക്കിയില്ല; നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക്
കൊണ്ടോട്ടി: കാലവര്‍ഷക്കെടുതിയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീട് രണ്ടുമാസമായിട്ടും പൊളിച്ച് നീക്കാത്തതിനെതിരേ നാട്ടുകാരും പഞ്ചായത്തും രംഗത്ത്. ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടിക്കടുത്ത പൂച്ചാലില്‍ കഴിഞ്ഞ ഓഗസ്റ്റ് 15നുണ്ടായ മണ്ണിടിച്ചിലില്‍ കണ്ണനാരി അബ്ദുല്‍ അസീസും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ന്നിരുന്നത്.
ദുരന്തത്തില്‍ അബ്ദുല്‍ അസീസ്, ഭാര്യ സുനീറ, ഇളയ മകന്‍ മുഹമ്മദ് ഉബൈദ് എന്നിവര്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അസീസിന്റെ രണ്ട് മക്കള്‍ വീടിന്റെ തകര്‍ച്ച കാരണം, കുടുംബ വീട്ടിലാണ് താമസിക്കുന്നത്. അപകടം നടന്ന് രണ്ട് മാസമായിട്ടും ഇതുവരെ വീട് പൊളിച്ചു നീക്കിയിട്ടില്ല.
വീടിന്റെ പിന്‍ഭാഗം മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ചുമരും ടെറസുമടക്കം ഏത് നിമിഷവും വീഴുന്ന അപകടാവസ്ഥയിലാണ്. അപകടത്തിന് ശേഷവും കനത്ത മഴയായതിനാലാണ് വീട് പൂര്‍ണമായി പൊളിച്ചു നീക്കുന്നതിന് റവന്യൂ അധികൃതര്‍ തടസം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മഴമാറിയെങ്കിലും പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടും വീട് പൊളിച്ചു നീക്കിയിട്ടില്ല. വീടിന് സമീപത്തുള്ള രണ്ടു കുടുംബങ്ങള്‍ രണ്ട് മാസമായി വാടകവീട്ടിലാണ് താമസം. അപകട വീട് പൊളിച്ച് നീക്കിയാല്‍ കുടംബങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ താമസമാക്കാനാകും. എന്നാല്‍ ഇതിനുളള സൗകര്യം അധികൃതര്‍ ഒരുക്കുന്നില്ല. കുടുംബങ്ങള്‍ക്ക് വീടിന് വാടക നല്‍കാനും അധികൃതര്‍ തയാറാവുന്നില്ല. ദുരന്ത നിവാരണ വിഭാഗവും, പി.ഡബ്ലിയു.ഡിയും സ്ഥലം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയിട്ട് ദിവസങ്ങളായി. വീടിനുചുറ്റും കയറുകെട്ടി അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ ഏതു നിമിഷവും തൊട്ടടുത്തുള്ള വീടുകളില്‍ വന്നുപതിക്കുമെന്ന ഭീതിയിലാണ്. വീട് പൊളിച്ച് നീക്കാന്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധ സമരം നടത്താനൊരുങ്ങുകയാണ് നാട്ടുകാരും ജനപ്രതിനിധികളും. റവന്യൂ ഉദ്യോഗസ്ഥരെ ദിനേനെയെന്നോണം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടാവാത്തതിനാലാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."