പ്രളയ പുനര്‍നിര്‍മാണത്തിന്റെ പേരില്‍ വീണ്ടും ധൂര്‍ത്ത്: ചീഫ് സെക്രട്ടറിയും സംഘവും അമേരിക്കയിലേക്ക്
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന്റെ പേരില്‍ വീണ്ടും ധൂര്‍ത്ത്. പ്രളയാനന്തര കേരള പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതതല സംഘം അമേരിക്കയിലേക്ക് പറക്കുന്നു.
ചീഫ് സെക്രട്ടറി ടോം ജോസ്, റീബില്‍ഡ് കേരള സി.ഇ.ഒ വി.വേണു, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കൗശിക് എന്നിവരാണ് വാഷിങ്ടനിലെ ലോകബാങ്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. അടുത്തമാസം 16 മുതല്‍ 18 വരെയാണ് അമേരിക്കന്‍ യാത്ര. ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പ്രളയാനന്തര പുനര്‍നിര്‍മാണ സഹായത്തിന്റെ ആദ്യഗഡുവായി ലോക ബാങ്ക് 25 കോടി ഡോളര്‍ (ഏകദേശം 1,750 കോടി രൂപ) വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നു.
ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്ത് നടത്തിയ പഠനം, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മേഖലകള്‍ തീരുമാനിച്ച് തുക നിശ്ചയിച്ചത്. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി എന്നീ മേഖലകള്‍ക്കായാണ് സഹായം നല്‍കുന്നത്. രണ്ടുഘട്ടമായാണ് തുക നല്‍കുക. 15.96 കോടി ഡോളര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് അസോസിയേഷനില്‍നിന്ന് 1.25 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ ആദ്യം ലഭിക്കും. 25 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ആദ്യ അഞ്ചുവര്‍ഷം ഗ്രേസ് പിരീയഡ് ആണ്.
9.04 കോടി ഡോളര്‍ രണ്ടാംഘട്ട സഹായത്തിന്റെ പലിശനിരക്ക് രാജ്യാന്തര നിരക്ക് (ലൈബോര്‍ റേറ്റ്) അനുസരിച്ചായിരിക്കും. 19.5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
ലോകബാങ്കുമായി ധാരണാപത്രം ഒപ്പിടുക മാത്രമാണ് ഇനിയുള്ളത്. അത് ഇവിടെവച്ച് നടത്താമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി ഉദ്യോഗസ്ഥ സംഘത്തിന്റെ അമേരിക്കന്‍ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."