കൃഷ്ണഗിരി വീണ്ടും കളിയാരവത്തിലേക്ക്
നിസാം കെ അബ്ദുല്ല
കൃഷ്ണഗിരി: രാജ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌റ്റേഡിയങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ള കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും കളിയാരവം.
കഴിഞ്ഞ വര്‍ഷത്തെ രഞ്ജി മത്സരങ്ങള്‍ക്ക് ശേഷം സ്‌റ്റേഡിയം വീണ്ടും ദേശീയ മത്സരങ്ങള്‍ക്ക് വേദിയാവുകയാണ്. ഇത്തവണ അണ്ടര്‍-16 വിജയ് മര്‍ച്ചന്റ് ട്രോഫി മത്സരങ്ങള്‍ക്കാണ് കൃഷ്ണഗിരി വേദിയാവുന്നത്.
കേരളത്തിന്റെ ആദ്യ മത്സരം നാളെ മുതല്‍ 23 വരെയാണ് കൃഷ്ണഗിരിയില്‍ നടക്കുക ആന്ധ്രയാണ് എതിരാളികള്‍. തുടര്‍ന്ന് ഗോവ, പോണ്ടിച്ചേരി ടീമുകളും കേരളവുമായി ഇതേ ടൂര്‍ണമെന്റില്‍ കൃഷ്ണഗിരിയില്‍ മത്സരിക്കുന്നുണ്ട് ഇതിനായുള്ള ഒരുക്കങ്ങളുടെ അവസാന മിനുക്കുപണികളിലാണ് സ്‌റ്റേഡിയം.
കേരളത്തിന്റെ ഹോം ഗ്രൗണ്ടായ കൃഷ്ണഗിരിയില്‍ മത്സരങ്ങള്‍ക്കായി അഞ്ച് പിച്ചുകളും സജ്ജമായിട്ടുണ്ട്. വയനാട് ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍മാരായ നിസാര്‍ കല്ലങ്കോടന്‍, റാഫി കല്ലിങ്കല്‍ എന്നിവരാണ് പിച്ചുകളുടെ മിനുക്കു പണികള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ പിച്ചുകള്‍ പരിശോധിക്കുകയും മത്സരത്തിന് സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ ഹോം ഗ്രൗണ്ടിലെ മറ്റ് മത്സരങ്ങള്‍ നവംബര്‍ ആദ്യ വാരത്തിലാണ് നടക്കുക. വയനാട്ടുകാരാനായ ഓള്‍റൗണ്ടര്‍ രഹാന്‍ റഹീം കേരള ടീമില്‍ ഇടം നേടിയിട്ടുണ്ട്. രാജഗോപാല്‍, മുന്‍ കേരള നായകന്‍ സോണി ചെറുവത്തൂര്‍ എന്നിവരുടെ പരിശീലനത്തിലാണ് കേരളം പാഡണിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തുന്നുണ്ട്.
ആന്ധ്ര ടീമും മത്സരത്തിനായി വയനാട്ടില്‍ എത്തിയിട്ടുണ്ട്. ഇന്ന് ഇവരും പരിശീലനത്തിനായി ഗ്രൗണ്ടില്‍ എത്തും.
ഇതോടെ വരുംദിവസങ്ങളില്‍ കൃഷ്ണഗിരിയില്‍ വീണ്ടും ക്രിക്കറ്റിന്റെ കളിയാരവങ്ങള്‍ മുഴങ്ങും. ഇന്ത്യയിലെ രണ്ടാമത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല സ്റ്റേഡിയമാണ് ആദ്യത്തേത്. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള കൃഷ്ണഗിരി സ്റ്റേഡിയം ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമാണ്. 2014 ഡിസംബറില്‍ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ആദ്യത്തെ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് മത്സരങ്ങള്‍. കേരളവും ഗോവയും തമ്മിലായിരുന്നു ആദ്യ മത്സരം. പിന്നീട് കേരളം നേരിട്ടത് ഹൈദരാബാദിനെയായിരുന്നു. രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു അവസാനിച്ചത്.
സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. അമ്പാട്ടി റായുഡു നയിച്ച ഇന്ത്യ-എ ടീമും ഡെയിന്‍ വിലസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക-എ ടീമും തമ്മില്‍ 2015 ഓഗസ്റ്റ് 18ന് നടന്ന ചതുര്‍ദിന ടെസ്റ്റ് മത്സരമായിരുന്നു അത്.
ഇന്ത്യ-എ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു. മത്സരം സമനിലയിലാണ് അവസാനിച്ചത്. ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ദിവസം തന്നെ ദക്ഷിണാഫ്രിക്ക-എ ടീമിന്റെ ഓംഫിലെ റമേല നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തിലെ ആദ്യത്തെ രാജ്യാന്തര സെഞ്ചുറി.
ഇതേ മത്സരത്തില്‍ തന്നെ ഇന്ത്യ-എ ടീമിന് വേണ്ടി മലയാളി താരം കരുണ്‍ നായര്‍ നേടിയ സെഞ്ചുറിയാണ് സ്റ്റേഡിയത്തില്‍ ഒരു ഇന്ത്യാക്കാരന്‍ നേടുന്ന ആദ്യ രാജ്യാന്തര സെഞ്ചുറി.
തുടര്‍ന്നിങ്ങോട്ട് കേരളത്തിന്റെ നിരവധി രഞ്ജി മത്സരങ്ങള്‍ക്കാണ് കൃഷ്ണഗിരി വേദിയായത്. കഴിഞ്ഞ തവണ കേരളത്തിന്റെ ഹോം ഗ്രൗണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളോട് മനോഹാരിതയില്‍ കിടപിടിക്കുന്ന കൃഷ്ണഗിരിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."