ആമസോണ്‍: തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യമിറങ്ങി
ബ്രസീലിയ: അന്താരാഷ്ട്ര സമ്മര്‍ദത്തിനു വഴങ്ങി ആമസോണ്‍ മഴക്കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തെ നിയോഗിച്ചു. ആമസോണിന്റെ വലിയൊരു ഭാഗത്തെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത രീതിയില്‍ കാര്‍ന്നുതിന്നുന്ന തീ നിയന്ത്രിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയര്‍ ബോല്‍സനോരോ അറിയിച്ചു.
ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായേക്കാവുന്ന തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളുടെ പകുതിയോളം തീ പടര്‍ന്നപ്പോഴും നിസ്സംഗനായിരുന്ന ബോല്‍സനോരോ യൂറോപ്യന്‍ യൂനിയന്റെ ഉപരോധഭീഷണിയുണ്ടായതോടെയാണ് നടപടിയെടുക്കാന്‍ തയാറായത്.
ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണില്‍ എല്ലാ വര്‍ഷവും തീപിടിത്തമുണ്ടാവാറുണ്ട്. നമ്മുടെ വീടിനു തീപിടിച്ചിരിക്കുന്നുവെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റിയത്. ആമസോണില്‍ കൃഷിയും ഖനനവും വ്യാപിപ്പിക്കുന്നതാണ് വനനശീകരണത്തിന് ഒരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ജി-7 ഉച്ചകോടിയിലും ആമസോണ്‍ ഇടംപിടിച്ചതും ബ്രസീലിനെ നടപടിയെടുക്കാന്‍ നിര്‍ബന്ധിച്ചു. തീയണയ്ക്കാന്‍ സഹായിക്കാമെന്ന് ട്രംപും അറിയിച്ചു.
ബോള്‍സോനാരോ സര്‍ക്കാര്‍ വനനശീകരണം തടയുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂനിയനും തെക്കേ അമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള മെര്‍ക്കോസൂര്‍ സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും അയര്‍ലന്‍ഡും ഭീഷണിപ്പെടുത്തിയിരുന്നു. ബോള്‍സോനാരോ സര്‍ക്കാരിനെതിരെ ബ്രസീലിലും വ്യാപകമായി സമരങ്ങള്‍ അരങ്ങേറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."