ചരിത്ര ഗോകുലം
കൊല്‍ക്കത്ത: ഗോകുലം കേരള എഫ്.സിക്ക് ചരിത്ര നേട്ടം. ഇന്നലെ നടന്ന ഡ്യൂറന്റ് കപ്പ് ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്തതോടെയാണ് ഗോകുലം ചരിത്രം രചിച്ചത്.
2-1 എന്ന സ്‌കോറിന് മോഹന്‍ ബഗാനെ തകര്‍ത്താണ് ഗോകുലം കേരള എഫ്.സി കിരീടത്തില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഗോകുലം ചരിത്രത്തില്‍ ഇടം നേടിയത്. തികഞ്ഞ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഗോകുലം തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. എന്നാല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞ ആയിരക്കണക്കിന് കാണികളുടെ ആര്‍പ്പ് വിളികള്‍ക്ക് മുന്നില്‍ ഗോകുലത്തിന്റെ മുന്നേറ്റങ്ങള്‍ നിശ്പ്രഭമായി. എന്നാല്‍ 45-ാം മിനുട്ടില്‍ മോഹന്‍ബഗാന്‍ ആരാധകരെ അമ്പരപ്പിച്ച് കൊണ്ട് ഗോകുലം ആദ്യ ഗോള്‍ നേടി. ഗോളിലേക്ക് മുന്നേറുകയായിരുന്നു ഗോകുലം താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മാര്‍ക്കസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ഗോകുലത്തിന് ഇരട്ടി ഊര്‍ജം കൈവന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഗോകുലം ഒരു ഗോളിന്റെ ലീഡ് നേടി. ആദ്യ പകുതിക്ക് ശേഷം ഗോകുലം ഒരു ഗോളിന്റെ ലീഡുള്ള ആത്മവിശ്വാസത്തില്‍ മികച്ച നീക്കങ്ങള്‍ നടത്തി. ഗോള്‍ മടക്കാന്‍ മോഹന്‍ ബഗാനും കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ 51-ാം മിനുട്ടില്‍ ബഗാനെ ഞെട്ടിച്ച് ഗോകുലം രണ്ടാം ഗോളും സ്വന്തമാക്കി. ബോക്‌സിന്റെ ഇടത് മൂലയില്‍നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ മാര്‍ക്കസ് പന്ത് വലയിലെത്തിച്ചാണ് മടങ്ങിയത്. ഇതോടെ ആര്‍പ്പുവിളികളുമായി ബഗാനെ പിന്തുണച്ചിരുന്ന ഗാലറി നിശബ്ദമായി.
രണ്ട് ഗോളിന് പിന്നിലായതോടെ ബഗാന്റെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. മലയാളി താരം വി.പി സുഹൈറും പെരസ് മാര്‍ട്ടിനെസും ലക്ഷ്യം കണ്ടെത്താനാകാതെ കുഴങ്ങി. എന്നാല്‍ 64-ാം മിനുട്ടില്‍ ബഗാന് ആശ്വാസമായി ആദ്യ ഗോള്‍ പിറന്നു. ജെസോബിയ ബെയ്തിയ എടുത്ത ഫ്രീകിക്കില്‍ നിന്ന് സാല്‍വദോര്‍ പെരസായിരുന്നു ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ബഗാന് പുതു ഊര്‍ജം കൈവന്നു. തുടരെ ഗോകുലത്തിന്റെ ഗോള്‍മുഖം ലക്ഷ്യമാക്കി അക്രമം അഴിച്ച് വിട്ടു. ഇര്‍ഷാദും ഹെന്‍ട്രി കിസേക്കയും ഉരുക്കുമതിലായി നിന്നതോടെ ബഗാന്റെ ഗോള്‍ ശ്രമങ്ങള്‍ ഓരോന്നായി പാഴായി. ഇതിന് മുമ്പ് 1997ല്‍ ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിലാലിരുന്നു മറ്റൊരു കേരള ക്ലബ് ഡ്യൂറന്റ് കപ്പ് ജേതാക്കളായത്. അന്ന് മോഹന്‍ ബഗാനെ മലര്‍ത്തിയടിച്ച് എഫ്.സി കൊച്ചിനായിരുന്നു ആദ്യമായി ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ കേരളാ ടീം. അന്ന് 3 - 1 നായിരുന്നു എഫ്.സി കൊച്ചിന്‍ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത്. 1997ലെ ടൂര്‍ണമെന്റില്‍ ഒന്‍പത് ഗോളടിച്ച് മലയാളി താരമായ സാക്ഷാല്‍ ഐ.എം വിജയനായിരുന്നു ടോപ് സ്‌കോററായത്. എന്നാല്‍ ഇന്നലെ ഗോകുലത്തിന്റെ മാര്‍ക്കസ് ജോസഫാണ് 11 ഗോളുമായി ടോപ് സ്‌കോറര്‍. മോഹന്‍ ബഗാനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മലയാളി താരവും എടത്തനാട്ടുകര സ്വദേശിയുമായി വി.പി സുഹൈറിന് ഇന്നലെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
സെമിയില്‍ റിയല്‍ കശ്മിരിനെ പരാജയപ്പെടുത്തിയപ്പോള്‍ വി.പി സുഹൈറിന്റെ വകയായിരുന്നു രണ്ട് ഗോളുകള്‍. എന്നാല്‍ ഈ ഫോം ഫൈനലില്‍ സുഹൈറിന് തുടരാനായില്ല. ഈ സീസണില്‍ നിന്നായിരുന്നു ഗോകുലം താരമായിരുന്ന വി.പി സുഹൈര്‍ മോഹന്‍ ബഗാനിലേക്ക് പോയത്. കഴിഞ്ഞ രണ്ട് സീസണിലും ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു സുഹൈര്‍. 16 തവണ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയവരാണ് മോഹന്‍ ബഗാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."