വിവാദ ഭൂമിയിടപാട്: ആലഞ്ചേരി വിചാരണ നേരിടണം
പുനഃപരിശോധനാ ഹരജി കോടതി തള്ളി
കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി കോടതി തള്ളി.
കര്‍ദിനാള്‍ അടക്കം മൂന്നുപേര്‍ വിചാരണ നേരിടണമെന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇതോടെ ഈ കേസില്‍ ആലഞ്ചേരി അടക്കമുള്ളവര്‍ വിചാരണ നേരിടണം. നിലവിലുള്ള സാഹചര്യത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയതെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് നേരത്തേ കോടതി കേസെടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
എന്നാല്‍, സഭാ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് ആലഞ്ചേരി കോടതിയെ ബോധിപ്പിച്ചിരുന്നു. ആലഞ്ചേരിക്ക് പുറമെ അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫോ. ജോഷി പുതുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."