അതിര്‍ത്തി കാത്ത ഒരു സൈനികനെകൂടി വിദേശിയാക്കി എന്‍.ആര്‍.സി
ഗുവാഹത്തി: മൂന്നുപതിറ്റാണ്ടോളം രാജ്യാതിര്‍ത്തി കാത്ത സൈനികന്‍ അസം സ്വദേശി മുഹമ്മദ് സനാഉല്ലയെ വിദേശിയെന്നു മുദ്രകുത്തി ജയിലിലടച്ചതിന് പിന്നാലെ മറ്റൊരു പട്ടാളക്കാരനും വീണു വിദേശി മുദ്ര.
അസമില്‍ നിന്നുള്ള അതിര്‍ത്തി സുരക്ഷാ സേന(ബി.എസ്.എഫ്)യിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുസിബുര്‍ റഹ്മാനും ഭാര്യയുമാണ് ദേശീയ പൗരത്വ പട്ടികയില്‍ (എന്‍.ആര്‍.സി) ഉള്‍പ്പെടാതിരുന്നതോടെ വിദേശിയായി മുദ്രകുത്തപ്പെട്ടത്. ബി.എസ്.എഫിന്റെ 144ാം ബറ്റാലിയണിന്റെ ഭാഗമായി പഞ്ചാബിലാണ് മുസിബ് ജോലി ചെയ്യുന്നത്.
എന്നാല്‍, മുസിബിന്റെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ പൗരത്വം സംബന്ധിച്ച് സംശയമേതുമില്ല. ട്രൈബ്യൂണല്‍ വിധി വന്നതിന് പിന്നാലെ ഇദ്ദേഹം നാട്ടിലെത്തി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതി തനിക്ക് അനുകൂലമായി വിധിക്കുമെന്ന പ്രതീക്ഷയിലാണ് മുസിബ്. സ്വന്തം രാജ്യത്ത് വിദേശിയായി പ്രഖ്യാപിക്കപ്പെടുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്ന് മുസിബ് പറഞ്ഞു. അസമില്‍ തന്നെ ജനിച്ച ഇന്ത്യക്കാരാണ് ഞങ്ങള്‍. പാകിസ്താനികളോ ബംഗ്ലാദേശികളോ അല്ല. ഒരു മദ്യപാനിയുടെ മൊഴി പരിഗണിച്ചാണ് തങ്ങളെ ഡി.വോട്ടറാക്കിയത്. യഥാര്‍ത്ഥ പൗരന്‍മാരെ സര്‍ക്കാര്‍ ഒരിക്കലും സംശയിക്കരുതെന്നും മുസിബ് പറഞ്ഞു.
ജോര്‍ഹത്തിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുസിബിനെയും ഭാര്യയെയും വിദേശിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞമാസം മാത്രമാണ് കുടുംബത്തെ ഇക്കാര്യം അറിയിച്ചതെന്നും ഇക്കാരണത്താല്‍ ഹരജി നല്‍കാന്‍ കാലതാമസം നേരിട്ടെന്നും ദമ്പതികള്‍ പറഞ്ഞു. ഓഗസ്റ്റ് 31നകം പൗരത്വ രജിസ്റ്റര്‍ പിഴവുകള്‍ തീര്‍ത്ത് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഈ സമയപരിധി പാലിക്കാന്‍ അധികൃതര്‍ പരിശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ തന്റെ പൗരത്വം തെളിയിക്കാനായി നിയമയുദ്ധത്തിനിറങ്ങിയിരിക്കുന്നത്.
നേരത്തെ വിദേശിയായി മുദ്രകുത്തപ്പെട്ട് ജയിലിലായ മറ്റൊരു സൈനികന്‍ സനാഉല്ല നിലവില്‍ ജാമ്യത്തിലാണ്.
52 കാരനായ സനാഉല്ല സൈന്യത്തില്‍ സുബേദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റാണ് സനാഉല്ലയെ ജയിലിലടച്ചത്. ജയിലിലായതോടെ സനാഉല്ലക്ക് അസം പൊലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നഷ്ടമാവുകയും പൊലിസ് യൂനിഫോമുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."