ഒളിംപിക് ബോക്‌സിങ് മത്സരങ്ങളില്‍ ഒത്തുകളിയെന്ന് ആരോപണം
റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ നടക്കാന്‍ പോകുന്ന ബോക്‌സിങ് മത്സരങ്ങളില്‍ ഒത്തുകളി നടക്കുമെന്ന് ആരോപണം. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോക്‌സിങ് ഫലങ്ങള്‍ നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടവയാണ്. അവയില്‍ പലതിലും ഒത്തുകളി നടന്നിട്ടുണ്ട്. ഇതില്‍ ജഡ്ജുമാര്‍ക്കും റഫറിമാര്‍ക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ ഇക്കാര്യം നിഷേധിച്ചു. വെറും അഭ്യൂഹങ്ങള്‍ മാത്രമാണിതെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
അമച്വര്‍ ബോക്‌സിങിലെ മുതിര്‍ന്ന കായിക ഉദ്യോഗസ്ഥര്‍ ഒത്തുകളിയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരും ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷനിലെ കെടുകാര്യസ്ഥതയാണ് ഇവരെ അഴിമതിയിലേക്കും ഒത്തുകളിയിലേക്കും നയിക്കുന്നതെന്ന് ആരോപണമുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ഇവരുടെ അധികാരമുപയോഗിച്ച് മത്സര ഫലത്തെ സ്വാധീനിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ ചില പ്രത്യേക താരങ്ങളുടെ ജയമുറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട് ഉറപ്പ് പറയുന്നു.
ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ ഒത്തു കളി നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടന്‍ ഒളിംപിക്‌സിന് ശേഷമാണ് ഒത്തുകളി വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിശബ്ദമായിട്ടായിരുന്നു ഒത്തുകളി ബോക്‌സിങില്‍ വ്യാപിപ്പിച്ചത്. ചില പ്രത്യേക താരങ്ങള്‍ക്ക് ചുറ്റും ഇവര്‍ സജീവമാണെന്നും ബോക്‌സിങ് അസോസിയേഷനിലെ വക്താവ് പറഞ്ഞു. നിരവധി ബോക്‌സിങ് ടൂര്‍ണമെന്റില്‍ അസോസിയേഷന്റെ അറിവോടെ ഒത്തുകളി നടന്നിട്ടുണ്ടെന്ന് മുതിര്‍ന്ന ഓഫീഷ്യലുകളും വ്യക്തമാക്കി.
അയര്‍ലന്‍ഡ് ബോക്‌സിങ് ജഡ്ജ് സീമസ് കെല്ലിയുടെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 2011 ദോഹയില്‍ നടന്ന അറബ് ഗെയിംസില്‍ ഒത്തുകളി പ്രേരിപ്പിച്ചതായി കെല്ലി പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സി.കെ വുവിന് പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്ന് കെല്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."