ബി സാംപിളും പോസിറ്റീവ്; ഇന്ദര്‍ജീത്തിന്റെ ഒളിംപിക് സാധ്യതകള്‍ മങ്ങി
ന്യൂഡല്‍ഹി: ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് വിവാദത്തിലായ ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത്ത് സിങിന്റെ ഒളിംപിക് പങ്കാളിത്തതിനു വീണ്ടും തിരിച്ചടി. താരത്തിന്റെ ബി സാംപിള്‍ ഫലവും പോസിറ്റീവായതാണ് ഇന്ദര്‍ജീത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. താരം ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്ന് നാഡ സ്ഥിരീകരിച്ചു. ഒളിംപിക്‌സിന് ഇനി രണ്ടു ദിവസം മാത്രം ശേഷിക്കെ റിയോയില്‍ ഇന്ദര്‍ജീത്ത് മത്സരിക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ തന്റെ സാംപിളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ഇന്ദര്‍ജീത്ത് ആരോപിച്ചു.
താരത്തിന്റെ സാംപിളില്‍ നിരോധിത സ്റ്റെറോയ്ഡായ ആന്‍ഡ്രോസ്റ്റെറോണിന്റെയും എത്യോകോലാനോളോണിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 22നു നടത്തിയ ടെസ്റ്റിലെ സാംപിളില്‍ ഉത്തേജകത്തിന്റെ അംശം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതി ഇന്ദര്‍ജീത്തിനെ അറിയിച്ചിട്ടുണ്ട്.
നേരത്തെ ആദ്യ ഫലത്തില്‍ എതിര്‍പ്പുകളുണ്ടെങ്കില്‍ താരത്തിനു ബി സാംപിള്‍ പരിശോധിക്കാമെന്ന് നാഡ വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ദര്‍ജീത്തിന് നാലു വര്‍ഷത്തെ വിലക്കടമുള്ള നടപടികള്‍ നേരിടേണ്ടി വരും. നാഡയുടെ പുതിയ നിയമപ്രകാരം ആദ്യത്തെ തവണ ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന താരത്തിന് കുറഞ്ഞതു നാലു വര്‍ഷത്തെ വിലക്കാണ് ലഭിക്കുക.
കഴിഞ്ഞ ദിവസം ഗുസ്തി താരം നര്‍സിങ് യാദവിനെ നാഡ സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു. താന്‍ ഗൂഢാലോചനയുടെ ഇരയാണ് എന്നു നര്‍സിങ് ആരോപിച്ചിരുന്നു. ഇതേ വാദം തന്നെയാണ് ഇന്ദര്‍ജീത്തും നാഡയ്ക്ക് മുന്നില്‍ ഉന്നയിച്ചത്.
തന്റെ ഒളിംപിക്‌സ് പങ്കാളിത്തം ഇല്ലാതാക്കാനായി ചിലര്‍ ഗൂഢാലോചന നടത്തിയാണ് ഉത്തേജക വിവാദം ഉണ്ടാക്കിയതെന്ന് ഇന്ദര്‍ജീത്ത് പറഞ്ഞു. തന്റെ സാംപിളുകളില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഇതു വിദഗ്ധരായ ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിക്കണം. വിഷയത്തെക്കുറിച്ച് പ്രസ്താവനയിറക്കി വിവാദമുണ്ടാക്കാന്‍ താത്പര്യമില്ല. പക്ഷേ ഈ രാജ്യത്ത് അനിതീക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കുകയാണെന്നു ഇന്ദര്‍ജീത്ത് പറഞ്ഞു.
നാഡയുടെ പരിശോധനകളില്‍ നിന്നു വിട്ടു നിന്നിട്ടില്ല. ഇതിനു മുന്‍പുള്ള പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമായിരുന്നു. ഒളിംപിക്‌സ് അടുത്തിരിക്കെ ആരോഗ്യത്തിന് കോട്ടം തട്ടുന്ന ഉത്തേജകം ഉപയോഗിക്കേണ്ട കാര്യം തനിക്കില്ലെന്നും നര്‍സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."