'സുപ്രഭാതം' മതേതരത്വത്തിന് മാതൃക: മന്ത്രി കടമ്പൂര്‍ രാജു
പാലക്കാട്: മലയാളത്തിന്റെ അഭിമാനമായ സുപ്രഭാതം ദിനപത്രം മതേതരത്വത്തിനുള്ള മികച്ച മാതൃകയാണെന്ന് തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് മന്ത്രി കടമ്പൂര്‍ രാജു. വാര്‍ത്തകള്‍ സത്യസന്ധമായി കൈകാര്യം ചെയ്യുകയും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് സുപ്രഭാതത്തിന് പൊതുസമൂഹത്തിന്റെ സ്വീകാര്യത ലഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സുപ്രഭാതം പാലക്കാട് എഡിഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സോഷ്യല്‍മീഡിയ ശക്തമായി സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാനകാലത്ത് പ്രിന്റ് മീഡിയയുടെ കാലം അവസാനിക്കാന്‍ പോകുന്നു എന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോഴും കേരളത്തിലെ മുന്‍നിര ദിനപത്രമായി സുപ്രഭാതം അതിന്റെ ഏഴാമത് എഡിഷന്‍ ആരംഭിച്ചിരിക്കുന്നുവെന്നത് സോഷ്യല്‍മീഡിയ എത്ര തന്നെ ശക്തമായാലും സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന ദിനപത്രങ്ങള്‍ക്ക് ഇനിയും സമൂഹത്തില്‍ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ്.
ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന സുപ്രഭാതം മാധ്യമ രംഗത്തിനാകെ മാതൃകയാണ്. സമസ്തയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്നും നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തിച്ചുതുടങ്ങിയ സുപ്രഭാതം അഞ്ചാമത് വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏഴാമത്തെ എഡിഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. മാത്രമല്ല തമിഴ്‌നാട്ടിലെ വാര്‍ത്തകള്‍ക്കുവേണ്ടി മാത്രമായി ഒരുപേജ് മാറ്റിവച്ചിരിക്കുന്നു എന്നാണ് മനസിലാകുന്നത്. തമിഴ്‌നാട്ടിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യത്തില്‍ സന്തുഷ്ടനാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ജനക്ഷേമ, വികസന വാര്‍ത്തകള്‍ തമിഴ്‌നാട്ടിലെ ജനങ്ങളിലേക്കെത്തിക്കുവാന്‍ ഇനി സുപ്രഭാതവും ഉണ്ടാകുമെന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."