കാലാവസ്ഥാവ്യതിയാനം; ജില്ലയിലെ നെല്‍പ്പാടങ്ങളില്‍ കളശല്യം
കോട്ടായി: ഇടയ്ക്കിടെ പെയ്യുന്ന മഴ നെല്‍പ്പാടങ്ങളില്‍ കളശല്യം രൂക്ഷമാക്കുന്നു. ഞാറ്റടി തയ്യാറാക്കി പറിച്ചുനട്ട പാടങ്ങളിലാണ് കളശല്യം കൂടുതലെന്ന് കര്‍ഷകര്‍ പറയുന്നു. പൊടിവിത നടത്തിയ പാടങ്ങളില്‍ ഗുരുതരമായ കളപ്രശ്നമുണ്ടാവുന്നില്ല.
ഇത്തവണ മഴ പെയ്ത് പാടത്ത് വെള്ളം കിട്ടാത്തതിനാല്‍ 90 ശതമാനം കര്‍ഷകരും ഞാറ്റടി തയ്യാറാക്കി പറിച്ചുനടുകയാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല, വെയിലും മഴയും ഇടയ്ക്കിടെ ഉണ്ടാവുന്നതുകാരണം കീടബാധയും വര്‍ദ്ദിച്ചിരിക്കുകയാണ്. അടിവളമിട്ടുകഴിഞ്ഞതിനാല് കളപറിച്ച് യൂറിയ ഇടുന്ന സമയമാണിത്. എന്നാല്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണം കള പറിക്കാനും പറ്റുന്നില്ല.
ഒന്നാം വിളയ്ക്ക് പൊടിവിതയും രണ്ടാംവിളയ്ക്ക് ഞാറ്റടി തയ്യാറാക്കുകയുമാണ് പതിവ്. രണ്ടാംവിളയ്ക്ക് മാത്രമാണ് അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുക. മഴ കാത്തിരുന്ന് കൃഷിയിറക്കാന്‍ വൈകിയതു കൊണ്ടുതന്നെ ഇത്തവണ വിളവെടുപ്പും വൈകുന്നതിനാല്‍ ഓണത്തിന് വിളവെടുക്കാനുള്ള സാഹചര്യവുമില്ല. ആവശ്യത്തിന് മഴ ലഭിക്കാത്തത് ജില്ലയിലെ കൃഷിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ നെല്ലിന് വ്യാപകമായി മഞ്ഞളിപ്പ് ബാധിച്ചിട്ടുണ്ട്. ഇതോടെ നെല്‍കൃഷി തന്നെ ഉപേക്ഷിച്ച് ഇഞ്ചി കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടുകയാണ്. ഇഞ്ചിപ്പാടങ്ങളില്‍ മാരക കീടനാശിനി തളിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നതായി ആക്ഷേപമുയര്‍ന്നു. ഇതിനെതിരെ ചിലയിടങ്ങളില്‍ പ്രതിഷേധമുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ജില്ലയിലെ നെല്‍ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഇതിനുപുറമെ കാട്ടാനയില്‍ നിന്നും മയിലില്‍ നിന്നുമൊക്കെ കൃഷിയെ രക്ഷിച്ചെടുക്കേണ്ട ബാധ്യതയും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."