മുത്വലാഖ് നിയമം ആര്‍ക്ക് നീതിനല്‍കാന്‍
ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെന്ന പേരില്‍ നിലവില്‍ വന്ന മുസ്‌ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക കൂടുതല്‍ വ്യക്തമായിരിക്കയാണ്. പ്രസ്തു ത നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്ന നിലയില്‍ മേല്‍പ്പറഞ്ഞ നിയമത്തിന്റെ പ്രസക്തിയും ഉദ്ദേശ്യശുദ്ധിയും സംബന്ധിച്ച ചില കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
വിഷയത്തെ സമീപിക്കുന്ന അവസരത്തില്‍ നിലവില്‍ രാജ്യത്തുള്ള മുസ്‌ലിം സമുദായത്തിലെ വിവാഹമോചനരീതിയും മൊത്തത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവാഹ സംബന്ധമായ പ്രശ്‌നങ്ങളും നിയമങ്ങളും പരിശോധിക്കപ്പെടേണ്ടതും പുതിയ നിയമത്തില്‍ കാതലായ സംഭാവന മുസ്‌ലിം സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമം 2019 ഓര്‍ഡിനന്‍സ് ആയി രണ്ടുതവണ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുകയും പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ നിയമമാക്കുകയും ചെയ്തതാണ്. ആകെ എട്ടു വകുപ്പുകള്‍ മാത്രമുള്ള ഈ നിയമത്തില്‍ കാണുന്ന പ്രത്യേകതയും പുതുമയും 'കേസ് കൊടുക്കുന്ന പക്ഷം ഭര്‍ത്താവിന് ജാമ്യം ലഭിക്കണമെങ്കില്‍ സെക്ഷന്‍ 7സി പ്രകാരം പരാതിക്കാരിയുടെ വാദം കേള്‍ക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. മാത്രവുമല്ല, മറ്റു വിവാഹസംബന്ധമായ നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി പരാതിക്കാരിക്കു മാത്രമല്ല പരാതിക്കാരിയുമായി വിവാഹം മൂലമോ, അല്ലെങ്കില്‍ രക്തബന്ധമുള്ളവര്‍ക്കോ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരാതിപ്പെടാം. എന്നാല്‍ പല ചര്‍ച്ചകളിലും പരാതിക്കാരിയുടെ സമ്മതപ്രകാരം മാത്രമേ ജാമ്യം കൊടുക്കാന്‍ പാടുള്ളൂവെന്നും ഭാര്യക്ക് മാത്രമേ പരാതിക്കാരിയാകാന്‍ കഴിയൂവെന്നും അതിനാല്‍ ദുരുപയോഗം ഉണ്ടാവില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കൂടാതെ, ഒരു മുസ്‌ലിം സ്ത്രീക്ക് കേസ് കൂടാതെ ഈ നിയമപ്രകാരം തന്റെ ഭര്‍ത്താവില്‍നിന്ന് സബ്‌സിസ്റ്റന്‍സ് അലവന്‍സ് (ഉപജീവന അലവന്‍സ്) ആവശ്യപ്പെടാമെന്നും ആക്ടിലെ സെക്ഷന്‍ 5 പ്രകാരം പറയുന്നുണ്ട്. ഇതാണ് പുതുമ.
ഒറ്റനോട്ടത്തില്‍ നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് അനുകൂലമായി മേല്‍പ്പറഞ്ഞവ വാദത്തിനായി സമര്‍ഥിക്കാമെങ്കിലും, നിയമം ഉണ്ടാക്കിയ രീതിയും വ്യക്തതയില്ലായ്മയും നിയമം ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവും ഈ നിയമത്തെ ശൈശവദശയില്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥ സമീപനം ഉണ്ടായില്ലെന്ന നിലയില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള നിയമം ആയിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ദുരുപയോഗ സാധ്യതയും ആത്മാര്‍ഥശൂന്യമായ സമീപനവും താഴെ പറയുന്ന പ്രകാരം ആക്ടില്‍നിന്ന് വ്യക്തമാകും.
1. ഈ നിയമപ്രകാരം വിവാഹിതയായ മുസ്‌ലിം വനിതകളുടെ അവകാശ സംരക്ഷണം ഉണ്ടാവുമെന്നും ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് തടയുകയും ചെയ്യാം എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ മറ്റേതൊരു നിയമത്തെയും പോലെ ആരാണ് വിവാഹിതയായ മുസ്‌ലിം വനിത എന്നുള്ളത് ഈ നിയമത്തില്‍ നിര്‍വചിച്ചിട്ടില്ല. അപ്രകാരം മേല്‍പറഞ്ഞ വനിതയെ നിയമത്തില്‍ എവിടെയും പരാതിക്കാരി, അന്യായക്കാരി, പീഡിതവനിത എന്നൊന്നും നിര്‍വചിച്ചിട്ടില്ല.
2. മുത്വലാഖ് എന്ന രീതിയില്‍ പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്ന വിവാഹമോചന രീതിയെ 'ത്വലാഖ് ' എന്നാണ് ഈ നിയമത്തില്‍ നിര്‍വചിക്കപ്പെടുന്നത്. ആ നിര്‍വചനത്തില്‍ ത്വലാഖ് ഇ ബിദ്അത്ത് പോലെയോ തിരിച്ചെടുക്കാന്‍ കഴിയാത്ത തല്‍ക്ഷണമായ വിവാഹമോചനമോ (itsnantaneous and irrevocable
) എന്നാണ് നിര്‍ചിച്ചത്. എന്നാല്‍, ഈ നിര്‍വചനത്തില്‍ കൃത്യതയില്ലാത്തത് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിം പുരുഷന്‍ ഭാര്യയെ വിവാഹമോചനം നടത്തണമെങ്കില്‍ നിയമപ്രകാരം കോടതി മുഖേന ഒരു മാര്‍ഗവുമില്ല, ത്വലാഖ് മാത്രമാണ് ഏക മാര്‍ഗമെന്നു ചേര്‍ത്ത് വായിക്കപ്പെടണം.
3. പുതിയ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം നിയമപ്രകാരം നിരോധിച്ച 'ത്വലാഖ് ' അസാധുവാകുന്നതോടൊപ്പം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത് യുക്തിരഹിതമാണ്. കാരണം ഭാര്യ തന്റെ ഭര്‍ത്താവ് വാക്കാല്‍ മുത്വലാഖ് ചൊല്ലി എന്ന് ആരോപിച്ചാല്‍ ബന്ധപ്പെട്ട വകുപ്പ് പ്രകാരം കോടതിയും പൊലിസും ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കാന്‍ നിര്‍ബന്ധിതമാകും. അതില്‍നിന്ന് പ്രഥമദൃഷ്ട്യാ ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ തന്നെ ഭാര്യക്ക് തന്റെ ഭര്‍ത്താവിനെ ജയിലിലടക്കാവുന്നതാണ്. സാധുവാകാത്ത പദപ്രയോഗം കൊണ്ട് ജയിലിലടക്കപ്പെടുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
4. സെക്ഷന്‍ 5 പ്രകാരം ഉപജീവന അലവന്‍സ് എന്നത് നിയമത്തില്‍ കാണിച്ചിട്ടുണ്ടെങ്കിലും അത് 'മാസാന്തം എന്നോ വാര്‍ഷികം എന്നോ' കാണിച്ചിട്ടില്ല. കൂടാതെ, വിധിയാകുന്നതിനുള്ള മാനദണ്ഡം എന്താണെന്നും പറഞ്ഞിട്ടില്ല. അതേസമയം, രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളിലും ഒരാള്‍ക്ക് ചെലവ് ജീവനാംശം അലവന്‍സ് എന്നിവയേതും തന്നെ ലഭിക്കുന്നതിന് ഇരുഭാഗത്തെയും തെളിവുകള്‍ ശേഖരിച്ചശേഷം മാത്രമാണ് വിധിയാകുന്നത്. അത് 'ഹരജിക്കാരന്‍, എതിര്‍കക്ഷികള്‍' എന്ന രീതിയില്‍ സിവില്‍ നടപടി ക്രമം പ്രകാരമാണ് തീരുമാനിക്കുന്നത്. എന്നാല്‍, ഈ നിയമ പ്രകാരം ഭര്‍ത്താവ് പ്രതിയായി മാറ്റപ്പെടുന്ന സാഹചര്യത്തില്‍ അയാള്‍ക്ക് തന്റെ ഭാഗം തെളിവുകള്‍ സമര്‍പ്പിക്കല്‍ എളുപ്പമാകില്ല. എന്നാല്‍, മേല്‍പ്രകാരം അലവന്‍സ് ലഭിക്കാന്‍ മുസ്‌ലിം ഭാര്യക്ക് അര്‍ഹതയുണ്ട് എന്ന് പറയുമ്പോഴും മറ്റു പൊതുവായ നിയമങ്ങള്‍ക്ക് കോട്ടം തട്ടാത്ത രീതിയില്‍ മാത്രമേ പാടുള്ളൂവെന്ന് പറഞ്ഞതിലൂടെ മേല്‍പറഞ്ഞ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയാണ്. കൂടാതെ, അലവന്‍സ് ലഭിക്കുക, മൈനര്‍ കുട്ടികളുടെ സംരക്ഷണം എന്നിവ പെട്ടെന്ന് ഉത്തരവ് ലഭിക്കുന്ന ഒന്നല്ല, മറിച്ച് കേസ് തെളിഞ്ഞ ശേഷം കോടതി ഉത്തരവിലൂടെ മാത്രമേ വിധി ലഭിക്കൂ.
5. സെക്ഷന്‍ 7 സി പ്രകാരം ജാമ്യം ലഭിക്കണമെങ്കില്‍ ഭാര്യയെ കേള്‍ക്കണം എന്നുള്ള വ്യവസ്ഥ തീര്‍ത്തും അപ്രായോഗികമാണ്. നിലവില്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ സെക്ഷന്‍ 437 പ്രകാരം ഏഴു വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍, വന്യജീവി സംരക്ഷണ നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ മുതലായവയില്‍ പ്രോസിക്യൂഷന്‍ വാദം കേള്‍ക്കണമെന്നുണ്ട്. എന്നാല്‍, അതിനെല്ലാം ഉപരിയായി ഇത്തരം ഒരു കുറ്റത്തിന് ജാമ്യം നല്‍കുന്നതിന് മുന്‍പ് പരാതിക്കാരിയെ കേള്‍ക്കല്‍ നിര്‍ബന്ധമാക്കുക വഴി ഈ നിയമത്തിലെ അന്തസത്ത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കാരണം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്കു വേണ്ടി ജാമ്യ അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ പരാതിക്കാരിക്ക് നോട്ടിസ് നല്‍കേണ്ട കടമ പ്രതിക്ക് വരുന്നതും പരാതിക്കാരിയെ കണ്ടുകിട്ടാത്ത സാഹചര്യത്തില്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങുന്നത് ഏറെ ക്ലേശകരമായിരിക്കുകയും ചെയ്യുന്നതാണ്.
എന്നാല്‍, മേല്‍പറഞ്ഞ വസ്തുത പരിഗണിക്കുമ്പോള്‍ ഈ നിയമത്തിന്റെ ആവശ്യകത മുസ്‌ലിം സ്ത്രീകള്‍ക്ക് നിലവിലുണ്ടോ, അതല്ലെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ മാത്രമായി സമൂഹത്തില്‍ വിവേചനത്തിന് അടിമപ്പെടുന്നുണ്ടോ എന്നും പരിശോധിക്കപ്പെടണം. അതേസമയം പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഏകപക്ഷീയ ത്വലാഖിന് മുസ്‌ലിം സ്ത്രീകള്‍ ഇരകളാകുകയും വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്തിച്ചുണ്ട് എന്നുള്ളതും നിസാരവത്കരിക്കുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യം അതല്ല. ഇപ്പോള്‍ രാജ്യത്ത് പൊതുവായുള്ള വിവാഹിതകളുടെ സംരക്ഷണത്തിന് ആവശ്യമായ നിയമങ്ങളായ 1961ലെ സ്ത്രീധന നിരോധന നിയമം, 1983 ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഭേദഗതിയിലൂടെ കൊണ്ടുവന്ന സ്ത്രീധനപീഡനം ശിക്ഷാര്‍ഹം ആക്കിയ 498എ, 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമം എന്നിവയുണ്ട്. മുസ്‌ലിം വിവാഹ മോചിതയായ സ്ത്രീകള്‍ക്ക് മാത്രമായി 1986ലെ മുസ്‌ലിം വനിത (പ്രൊഡക്ഷന്‍ ഓഫ് റൈറ്റ് ഓണ്‍ ഡിവോഴ്‌സ്) ആക്ടും നിലവിലുണ്ട്.
വര്‍ത്തമാനകാല സാഹചര്യം പരിശോധിച്ചാല്‍ മുസ്‌ലിം പുരുഷന്റെ ഏകപക്ഷീയ ത്വലാഖ് ആനുകൂല്യം പലപ്പോഴും സ്ത്രീകള്‍ക്ക് അനുഗ്രഹമായി മാറുന്ന സാഹചര്യമാണുള്ളത്. ഇഷ്ടമില്ലാത്ത വിവാഹബന്ധം വേര്‍പെടുത്താന്‍ മറ്റു മതസ്ഥരെ പോലെ കോടതി നടപടികള്‍ ഇല്ലാതെ മധ്യസ്ഥ ഇടപെടലുകളിലൂടെ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ കഴിയുകയും അപ്രകാരം പുനര്‍വിവാഹ സാധ്യത എളുപ്പമാക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഒരു മുസ്‌ലിം ഭര്‍ത്താവ് ത്വലാഖ് ചെയ്യാന്‍ തയാറാകാത്ത പക്ഷം ഭാര്യക്ക് മുസ്‌ലിം വിവാഹമോചന നിയമം 1939 പ്രകാരം കോടതിയില്‍ ഹരജി ബന്ധിപ്പിക്കാവുന്നതാണ്. മേല്‍ പ്രസ്താവനകളില്‍നിന്ന് പ്രത്യേകമായി മുസ്‌ലിം സ്ത്രീകള്‍ അവഗണന നേരിടുന്നില്ലെന്ന് മനസിലാക്കാം.
എന്നാല്‍ മറ്റൊരു വിമര്‍ശനം മുസ്‌ലിം പുരുഷന് ഏകപക്ഷീയമായി ത്വലാഖ് ചൊല്ലാം, സ്ത്രീകള്‍ക്ക് അങ്ങനെ ഒരു സാഹചര്യം അനുവദനീയമല്ല എന്നതാണ്. എന്നാല്‍ അതിനെ സംബന്ധിച്ച് പഠനം നടത്തുന്ന ഏതൊരാള്‍ക്കും മേല്‍ ആരോപണം ശരിയല്ലെന്ന് ബോധ്യമാകും. കാരണം വ്യക്തമായ കാരണങ്ങള്‍കൊണ്ട് മുസ്‌ലിം സ്ത്രീക്ക് തന്റെ ഭര്‍ത്താവിന് ഫസ്ഖ് (ഇന്ത്യയില്‍ നിയമപ്രാബല്യം ഇല്ല) ചെയ്യാന്‍ അധികാരമുണ്ട്. അതേ ഫസ്ഖിന് ആധാരമായ കാര്യങ്ങള്‍ക്ക് തന്നെയാണ് ഭാര്യ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാന്‍ കോടതിയെ സമീപിക്കാനുതകുന്ന കാരണങ്ങള്‍. മാത്രവുമല്ല 2019ലെ പുതിയ നിയമം നിലവില്‍ വരുന്നതിനു മുന്‍പ് ത്വലാഖ് സംബന്ധമായ കോടതിവിധികളെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടെങ്കില്‍ മാത്രമേ പുതിയ നിയമത്തിന് ഒരു പ്രസക്തിയുമില്ല എന്ന് മനസിലാക്കാന്‍ കഴിയൂ.
2002ല്‍ സുപ്രിംകോടതി 'ഷമീം ആര' കേസില്‍ മുസ്‌ലിം ത്വലാഖ് സംബന്ധമായി വിധി പ്രസ്താവിച്ചിട്ടുണ്ട്. മുഹമ്മദന്‍ ലോ പ്രകാരം പുരുഷന്‍ ഭാര്യയെ തന്നിഷ്ടപ്രകാരം ത്വലാഖ് ചൊല്ലുക എന്ന രീതി ശരിയല്ലെന്നും എന്നാല്‍ ഖുര്‍ആനില്‍ നാലാം അധ്യായം 35 വാക്യം പരിശോധിച്ച കോടതി തുല്യമായ നടപടിക്രമം പാലിച്ച് ചെയ്യുന്ന ത്വലാഖിന് മാത്രമേ നിയമ സാധ്യത ഉള്ളൂ എന്നും വിധി പ്രസ്താവിച്ചതാണ്. അതനുസരിച്ച് ത്വലാഖ് കൃത്യമായ കാരണങ്ങളാല്‍ ആയിരിക്കണം, കൂടാതെ ത്വലാഖ് ചൊല്ലുന്നതിനു മുന്‍പ് ഇരുഭാഗത്തുനിന്നും മധ്യസ്ഥന്മാര്‍ ഇടപെട്ട് സംസാരിച്ച ശേഷം ഒന്നിച്ചുപോകില്ലെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ ആ ത്വലാഖ് നിലനില്‍ക്കുകയുള്ളൂ. അതില്‍നിന്ന് മുത്വലാഖ് ആയാലും അല്ലാത്ത തലാഖുകള്‍ ആയിരുന്നാലും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാത്തവ ഒരു ഭാര്യയും അംഗീകരിക്കേണ്ടതില്ലാത്തതും തുടര്‍ന്നും അവര്‍ക്ക് ഭാര്യാപദവി നിലനിര്‍ത്താവുന്നതുമാണ്.
എന്നാല്‍, 2010ല്‍ കേരള ഹൈക്കോടതി കുഞ്ഞുമുഹമ്മദ്-ആയിഷക്കുട്ടി കേസ് പരിഗണിക്കവേ, മേല്‍പ്പറഞ്ഞ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ത്വലാഖ് സംബന്ധമായി കൂടുതല്‍ വ്യക്തത വരുത്തിയതും കൂടാതെ സ്ത്രീക്ക് അനുകൂലമായതുമായ ഒരു പ്രധാനപ്പെട്ട വിധിന്യായം നടത്തിയിട്ടുണ്ട്. എന്തെന്നാല്‍ 'സുപ്രിംകോടതി നിശ്ചയിച്ച പ്രകാരം അല്ലാത്ത ത്വലാഖ് ഭാര്യ അംഗീകരിക്കുന്ന പക്ഷം അത് സാധുവാകുന്നതാണ് ' എന്നാണ്. ഈ വിധിപ്രകാരം ഹൈക്കോടതി മുസ്‌ലിം സ്ത്രീകള്‍ക്ക് മറ്റുമതത്തിലെ സ്ത്രീകളെക്കാളുപരി ഉയര്‍ന്നതും വലുതുമായ അവകാശം
(larger and superior right than what her counter part of other religion hav-e under section 125 of the code)
എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1986ലെ ആക്ട് മുസ്‌ലിം സ്ത്രീയോട് നീതിപുലര്‍ത്തുന്ന നിയമമാണ് എന്ന് മനസിലാക്കാം.
മേല്‍ വിശകലനങ്ങളില്‍നിന്ന് നിലവിലെ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന മുസ്‌ലിം ഭാര്യമാര്‍ക്ക് നിയമപരമായ പരിരക്ഷ പുതിയ നിയമം ഇല്ലാതെ തന്നെ ലഭ്യമാണെന്ന് വ്യക്തമാണ്. പൊതുവായ വിവാഹ സംബന്ധമായ നിയമങ്ങളിലെ പോരായ്മകളും നിയമ ദുരുപയോഗവും ബഹുമാനപ്പെട്ട സുപ്രിംകോടതിയും ഹൈക്കോടതികളും പല വിധിന്യായങ്ങളിലൂടെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. പ്രസ്തുത നിയമങ്ങള്‍ (സ്ത്രീധന നിരോധന നിയമം, സ്ത്രീധന പീഡന വിരുദ്ധ വകുപ്പ്, ഗാര്‍ഹിക പീഡന നിരോധന നിയമം വരെ) പരിഷ്‌കരിക്കുന്നതിന് മുതിരാതെയും ആവശ്യമായ ഗൃഹപാഠം നടത്താതെയും ബന്ധപ്പെട്ട വിഭാഗങ്ങളുമായി ആശയവിനിമയം നടത്താതെയും ധൃതിയില്‍ ഉണ്ടാക്കിയ ഒരു നിയമമായി മാത്രമേ പുതിയ നിയമത്തെ കാണാന്‍ കഴിയൂ. അതേസമയം, സൂക്ഷ്മത കാണിക്കുന്ന ഇന്ത്യയിലെ കോടതികള്‍ എന്നും ഇപ്രകാരമുള്ള നിയമങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നതിനാല്‍ എല്ലാവര്‍ക്കും നീതി ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകും എന്ന് പ്രത്യാശിക്കാം.
(കേരള ലോയേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ ജന. സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."