രാജ്യത്തിന് അഭിമാനമായി തലസ്ഥാനത്തെ കുട്ടികള്‍; മോഡല്‍ സ്‌കൂളിലെ താരമായി ഗൗരി ശങ്കര്‍
തിരുവനന്തപുരം: നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഡ്രോപ്പ് റോബോള്‍ ചാംപ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി തലസ്ഥാനത്തെ കുട്ടികള്‍ രാജ്യത്തിന് അഭിമാനമായി. കഴിഞ്ഞ ഒന്‍പത് മുതല്‍ നേപ്പാളിലെ പൊക്രയില്‍ നടന്ന മത്സരത്തില്‍ തിരുവനന്തപുരം സ്വദേശികളായ ഗൗരി ശങ്കര്‍, ഗായത്രി, അവന്തിക, എസ്.എം അശ്വിന്‍ എന്നീ വിദ്യാര്‍ഥികളാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ വേട്ട നടത്തിയത്.
തിരുവനന്തപുരം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗരി ശങ്കര്‍ ഡബിള്‍സില്‍ വെള്ളി മെഡല്‍ നേടി സ്‌കൂളിലെ താരവുമായി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍സില്‍ അവന്തികയും ഗായത്രിയും വെള്ളി മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ അശ്വിനായിരുന്നു വെങ്കലം. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അവന്തിക. ഇതേ സ്‌കൂളിലാണ് ഗായത്രിയും പഠിക്കുന്നത്. അരുമാനൂര്‍ എം.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അശ്വിന്‍. ഡ്രോപ്പ് റോബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിലേക്ക് കേരളത്തില്‍ നിന്ന് ഏഴു താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. എന്നാല്‍ നേപ്പാളിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുന്‍പ് ടീമംഗങ്ങളില്‍ ഒരാള്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ആറു പേരുമായാണ് ഇന്ത്യന്‍ ടീം മല്‍സരത്തിന് ഇറങ്ങിയത്.
ചണ്ഡീഗഢില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് ഗൗരി ശങ്കറിനും അവന്തികയ്ക്കും അശ്വിനും അന്താരാഷട്ര മത്സരത്തിനുള്ള വഴി തുറന്നത്. കേരളാ ടീം കോച്ച് പ്രേംകുമാര്‍, കേരള ടീമിന്റെ മാനേജറും പുതിച്ചല്‍ ഗവ. യു.പി സ്‌കൂളിലെ അധ്യാപകനുമായ രവീന്ദ്രന്‍, നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപിക സിന്ധു എന്നിവരാണ് നേപ്പാളില്‍ നടന്ന മത്സരത്തിനായി താരങ്ങളെ പരിശീലിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഈ കൊച്ചു കായിക താരങ്ങള്‍ ഡ്രോപ്പ് ബോള്‍ മത്സരത്തിനായി പരിശീലനം തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവര്‍ക്ക് സംസ്ഥാന ടീമില്‍ ഇടം ലഭിച്ചു. പിന്നീട് പഞ്ചാബില്‍ നടന്ന ദേശീയ മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണം എത്തി.
ഡ്രോപ്പ് റോബോള്‍ കേരള ഫെഡറേഷന് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ (എസ്.ജി.എഫ്.ഐ) രജിസ്‌ട്രേഷനും ഡ്രോപ്പ് റോബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ അഫിലിയേഷനും ഉണ്ടെങ്കിലും സംസ്ഥാനത്ത് ഈ കായികയിനത്തിന് മതിയായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായവും പരിഗണനയും ലഭിക്കാതെ സ്വന്തം നിലയ്ക്കാണ് കായിക താരങ്ങള്‍ നേപ്പാളിലെ മത്സരത്തില്‍ പങ്കെടുത്തത്. ഹോര്‍ട്ടികോര്‍പ്പിലെ ഡ്രൈവര്‍ നവാസിന്റെയും കൃഷി ജാഗരണ്‍ മാഗസിന്‍ ജീവനക്കാരി സരിത രഘുവിന്റെയും മകനാണ് ഗൗരി ശങ്കര്‍. കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ജി.എം സുഗുണന്റെയും എസ്. മായയുടെയും മക്കളാണ് അവന്തികയും അശ്വിനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."