അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല് സംഭരിക്കാനുള്ള മില്‍മയുടെ നീക്കത്തിന് തിരിച്ചടി
കൊല്ലം: ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പാല് സംഭരിക്കാനുള്ള നീക്കത്തിന് തിരിച്ചടി. തമിഴ്നാട്ടിലും കര്‍ണാടകയിലും പാലിന്റെ വില വര്‍ധിപ്പിച്ചതാണ് കാരണം. ഒരു ലിറ്ററിന് തമിഴ്നാട്ടില്‍ 6 രൂപയും കര്‍ണാടകയില്‍ 4 രൂപയുമാണ് വര്‍ധിച്ചത്.
വര്‍ധിച്ച വില നല്കി പാല് വാങ്ങാന്‍ തയാറാണെങ്കിലും വേണ്ടത്ര കിട്ടാനില്ലെന്നതും പ്രതിസന്ധിയാകുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, കര്‍ണാടകയിലെ ഹാസന്, തുമകുരു, മാണ്ഡ്യ ഡയറികളില്‍ നിന്നാണ് മില്‍മ കൂടുതല്‍ പാലും ശേഖരിക്കുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ ഡയറികള്‍ മില്‍മ നല്‍കുന്നതിലും ഉയര്‍ന്ന വിലയ്ക്ക് പാല് വാങ്ങുന്നതിനാല്‍ മില്‍മയ്ക്കു പാല് നല്കാന് സഹകരണ മേഖലാ ഡയറികള്‍ മടിക്കുകയാണ്. കര്‍ണാടകയില്‍ നിന്നു നിലവില്‍ ആവശ്യമുള്ള പാല് ലഭിക്കുന്നുണ്ടെങ്കിലും ഓണക്കാലത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ വേണ്ടി വരും. സാധാരണ ദിവസങ്ങളില്‍ 13 ലക്ഷം ലിറ്റര്‍ വരെയാണ് ഉപയോഗം.
ഓണ ദിവസങ്ങളില്‍ 28 ലക്ഷം ലിറ്റര്‍ വരെ ഉപയോഗം വര്‍ധിക്കുകയാണ് മുന്‍ കാലങ്ങളിലെ പതിവ്.
സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് പാലുല്‍പ്പാദനത്തില്‍ പ്രതിദിനം 50,000ല്‍ അധികം ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. കൂടാതെ കാലിത്തീറ്റയുടെ വില വര്‍ധനവും ഉല്‍പ്പാദനം കുറയാന്‍ കാരണമായി.
പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വരികയാണെന്ന് മില്‍മ തിരുവനന്തപുരം മേഖലാ യൂനിയന്‍ ചെയര്മാന് കല്ലട രമേശ് പറഞ്ഞു. കര്‍ണാടകയിലെ കൂടുതല്‍ സഹകരണ മേഖലാ ഡയറികളില്‍ നിന്നു പാല് സംഭരിക്കാനുള്ള നീക്കത്തിലാണ് മില്‍മയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."