ഒമ്രാന്‍ എങ്ങും പോയിട്ടില്ല; അലപ്പോയില്‍ സുഖമായിരിക്കുന്നു I video
വെടിമുഴങ്ങുന്ന നാട്ടില്‍ നിന്ന് ലോകം മുഴുവന്‍ വിളിച്ചിട്ടും അവന്‍ പോയിട്ടില്ല. അവന്‍ ഇവിടെത്തന്നെയുണ്ട്. മരണത്തിന്റെ തണുപ്പ് പതിയിരിക്കുന്ന തന്റെ നാട്ടില്‍..സിറിയയിലെ അലപ്പോയില്‍.
ഇത് ഒമ്രാന്‍ ദഖ്‌നീഷ്. കഴിഞ്ഞ വര്‍ഷം അലപ്പോയില്‍ നടന്ന ബോംബിങ്ങില്‍ പരിക്കേറ്റ് മേലാകെ പൊടിമൂടി, ചോരയൊലിച്ച് ഒരു കസേരയിലിരിക്കുന്ന ഒമ്രാന്‍ ദഖ്‌നീഷിനെ ലോകം മുഴുവന്‍ കണ്ടതാണ്. സിറിയ കടല്‍തീരത്തെ മണലില്‍ മുഖം പൂണ്ടു കിടന്ന ഐലന്‍ കുര്‍ദ്ദിയെ പോലെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ മറക്കാനാവാത്ത നോവായി ആ അഞ്ചുവയസ്സുകാരന്‍ എല്ലാവരുടെ മനസ്സിലും.
സംഭവം നടന്ന് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുകയാണ് ഒമ്രാന്‍. ദൈന്യതയും ഭീതിയും നിറഞ്ഞിരുന്ന മുഖത്ത് ഇപ്പോള്‍ സന്തോഷമാണ്. അവന്റെ മുടിയിഴകള്‍ ഭംഗിയായി ചീകിയൊതുക്കിയിരിക്കുന്നു. സര്‍ക്കാര്‍ അനുകൂല ചാനലാണ് ഒമ്രാന്റെ പുതിയ മുഖം ലോകത്തിനു മുന്നിലെത്തിച്ചത്.
മാധ്യമങ്ങളില്‍ പ്രചരിച്ച മകന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അഭിമുഖത്തില്‍ ഉപ്പ മുഹമ്മദ് ഖൈര്‍ ആരോപിക്കുന്നു. മകന്റെ മുഖം ചര്‍ച്ചയായപ്പോള്‍ പേടിച്ചിരുന്നു, അവനെ പൊതുയിടങ്ങളില്‍ നിന്നൊളിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
സിറിയന്‍ ആര്‍മിക്കെതിരെ ആരോപണമുന്നയിക്കാന്‍ പലരും ആ ഫോട്ടോ ഉപയോഗിച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളും പണം വാഗ്ദാനം ചെയ്തു. താനത് നിരസിച്ചു. തീവ്രവാദികള്‍ സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള പ്രചരണത്തിന് ഒമ്രാന്റെ ചിത്രം ഉപയോഗിച്ചു- മുഹമ്മദ് കുറ്റപ്പെടുത്തുന്നു. ഒമ്രാനെതിരായ ആക്രമണം ബഷാര്‍ അല്‍ അസദിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നതായും മുഹമ്മദ്് പറയുന്നു. വീടും ജോലിയും അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ എല്ലാം നിരസിച്ചു. സിറിയയെ താന്‍ ഏറെ സ്‌നേഹിക്കുന്നു എന്നാണ് വാഗ്ദാനങ്ങള്‍ നിരസിച്ചതിന് കാരണമായി മുഹമ്മദ് പറഞ്ഞത്. 'ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടാണ് സിറിയ, അതിനാല്‍ ഞാനിവിടെത്തന്നെ നില്‍ക്കും. എന്റെ കുട്ടികളും ഇവിടെത്തന്നെ വളരും.' അദ്ദേഹം പറയുന്നു.
വീടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയായെന്നും എല്ലാ ദിവസവും ജോലിക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദിനെതിരെ പോരാടുന്ന റിബലുകളെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 17നാണ് മുഹമ്മദിന്റെ കുടുംബത്തെ പിടിച്ചുകുലുക്കിയ ആക്രമണം അരങ്ങേറിയത്. ഷെല്ലാക്രമണത്തില്‍ മുഹമ്മദിന്് ഭാര്യയെയും മറ്റൊരു മകനേയും നഷ്ടമായി. തകര്‍ന്ന വീട്ടില്‍ നിന്ന് ഉറ്റവരെ തിരയുമ്പോഴാണ് ഒമ്രാനെ ഒരാള്‍ ആംബുലന്‍സിലേക്ക് മാറ്റുന്നത് കണ്ടത്. ആംബുലന്‍സിലിരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇൌ ചിത്രം ചര്‍ച്ചയാവുകയും ചെയ്തു. കിഴക്കന്‍ അലപ്പോയില്‍ സര്‍ക്കാര്‍ സൈനിക പിന്തുണയോടെ കഴിയുന്ന കുടുംബങ്ങളില്‍ ഒരാളാണിപ്പോള്‍ ഖൈറും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."