കാരക്കുന്നത്തെ മദ്യ-മയക്കുമരുന്ന് ലോബിക്കെതിരേ വ്യാപക പ്രതിഷേധം
ബാലുശ്ശേരി: കാരക്കുന്നത്ത് അങ്ങാടിയും പരിസരപ്രദേശവും ലഹരിമാഫിയ പിടിമുറുക്കിയതോടെ ജനങ്ങളുടെ സൈ്വരജീവിതത്തിനു മങ്ങലേറ്റു. കാക്കൂര്‍, ബാലുശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലും ചേളന്നൂര്‍ എക്‌സൈസിന്റെയും പരിധിയില്‍ വരുന്ന പ്രദേശമായ കാരക്കുന്നത്താണ് കഞ്ചാവുലോബി പ്രവര്‍ത്തിക്കുന്നത്. രാത്രിയായാല്‍ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ലഹരി തേടിയെത്തുന്നവര്‍ നിരവധിയാണിവിടെ.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വരെയാണ് ഗുണഭോക്താക്കള്‍. ഒരാഴ്ച മുന്‍പ് കാരക്കുന്നത്തെ യുവാവിനെ കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ ആര്‍ഭാട ജീവിതത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുവന്നത്. ഏതാനും മാസം മുന്‍പ് പേരാമ്പ്രയില്‍ കാറില്‍വച്ച് കഞ്ചാവുമായി യുവാക്കളെ പിടികൂടിയെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്നു കാറിലുണ്ടായിരുന്നവര്‍ കാരക്കുന്നത്തെ കഞ്ചാവ് വില്‍പനയ്ക്കാരായിരുന്നു.
നന്മണ്ട ഹയര്‍ സെക്കന്‍ഡറി, കുട്ടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി, ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വിപണന ശൃംഖലയുള്ളതായും നാട്ടുകാര്‍ പറയുന്നു.
കാരക്കുന്നത്ത് എ.എം.യു.പി സ്‌കൂളില്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് ലഹരിവിരുദ്ധ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലഹരിവസ്തുക്കളുമായി പിടിയിലായാല്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി രക്ഷപ്പെടുകയാണെന്നും പുറംലോകമറിയുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."