തിരൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് പൂട്ടാന്‍ ഉത്തരവ്
മലപ്പുറം: തിരൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് പൂട്ടാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവ്. ഇന്നുമുതല്‍ ഓഫിസ് തുറക്കേണ്ടതില്ലെന്നാണ് ഉത്തരവ്. ചെവലു ചുരുക്കലിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്ലാത്ത സ്ഥലമാണ് തിരൂര്‍. ഇവിടെനിന്നു ദീര്‍ഘദൂര, അന്തര്‍സംസ്ഥാന സര്‍വിസുകളടക്കം ദിനേന 75 ബസുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് ഓടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു നാല്‍പതു ബസുകളാണ് ഇതുവഴി ദീര്‍ഘദൂര സര്‍വിസ് നടത്തുന്നത്. ഇവ 85 ട്രിപ്പുകള്‍ ദിവസവും ഓടുന്നു.
പൊന്നാനി-മഞ്ചേരി റൂട്ടില്‍ 25 ബസുകള്‍ നൂറിലധികം ട്രിപ്പുകളാണ് ഓടുന്നത്. ഇതിനുപുറമേ, രണ്ട് അന്തര്‍സംസ്ഥാന സര്‍വിസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്.
പൊന്നാനിയില്‍നിന്നു ബംഗളൂരുവിലേക്കും തിരൂരില്‍നിന്നു കോയമ്പത്തൂരിലേക്കും ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഇതുവഴി യാത്രക്കാരും ഏറെയാണ്. ഇവര്‍ക്കല്ലാം ഏറെ ആശ്രയമായിരുന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസാണ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ആകെ രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ഇതു ദീര്‍ഘിപ്പിക്കണമെന്ന ആവശ്യത്തിനിടെയാണ് പൂട്ടാനുള്ള ഉത്തരവ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു സി. മമ്മൂട്ടി എം.എല്‍.എയുടെ ശ്രമഫലമായാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് നിലവില്‍വന്നത്. അതേസമയം, തിരൂര്‍ സ്റ്റേഷന്‍ മാസ്റ്ററു ഓഫിസ് പൂട്ടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നു സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു. കോഴിക്കോട്-എറണാകുളം റൂട്ടില്‍ ഏറെ ദൂരം കുറവുള്ള ചമ്രവട്ടം പാലംവഴിയുള്ള യാത്രയില്‍ തീരദേശ യാത്രക്കാരുടെ ആശ്രയമാണ് തിരൂര്‍ സ്റ്റേഷന്‍. ഇതു പ്രദേശത്തെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. തീരുമാനം തിരുത്തണമെന്നും യാത്രാക്കരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."