അക്ഷരോത്സവങ്ങള്‍ക്ക് തുടക്കമായി; വായനാ മത്സര തിയതികള്‍ പ്രഖ്യാപിച്ചു
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥികളെ പുസ്തകങ്ങളോടടുപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരങ്ങള്‍ അടുത്തമാസം തുടങ്ങും. ജില്ലയിലെ എല്‍.പി, യു.പി സ്കൂള്‍ വായനാ മത്സരങ്ങളുടെ ഒന്നാംഘട്ടമായ സ്കൂള്‍തല മത്സരങ്ങള്‍ ജൂലൈ നാലിന് ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ നടക്കും.
പഞ്ചായത്തുതല മത്സരങ്ങള്‍ സെപ്റ്റംബര്‍ 17നും താലൂക്കുതല മത്സരങ്ങള്‍ ഒക്ടോബര്‍ 15നും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 19നും നടക്കും.
സ്കൂള്‍തല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ പഞ്ചായത്തുതല മത്സരത്തിനു യോഗ്യത നേടും.
സ്ത്രീകളെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനായി മൂന്നു ഘട്ടങ്ങളായുള്ള വനിതാ വായന മത്സരത്തിന്റെ ഗ്രന്ഥശാലാതല മത്സരം അടുത്തമാസം രണ്ടിനു നടക്കും തുടര്‍ന്ന് ഒക്ടോബര്‍ 15ന് താലൂക്കുതല മത്സരവും നവംബര്‍ 19ന് ജില്ലാതല മത്സരവും സംഘടിപ്പിക്കും. ഹൈസ്കുള് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഖില കേരളാ വായന മത്സരത്തിന്റെ പ്രാഥമിക ഘട്ടമായ സ്കൂള്‍തലം അടുത്തമാസം ആറിനു നടക്കും.
ഓഗസ്റ്റ് ആറിനു താലൂക്കുതല മത്സരവും സെപ്റ്റംബര്‍ 24നു ജില്ലാതല മത്സരവും സംഘടിപ്പിക്കും. എല്‍.പി, യ.പി, വനിതാ വായനാ മത്സരങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫിസില്‍നിന്നു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."