ബോര്‍ഡ് -കോര്പറേഷന് ചെയര്മാന് സ്ഥാനം മുന്നണിയോഗത്തിനു ശേഷമെന്നു സി.പി.ഐ
തിരുവനന്തപുരം : പാര്‍ട്ടിയുടെ കൈവശമുള്ള ബോര്‍ഡ്-കോര്‍പറേഷനുകളിലെ ചെയര്മാന്മാരെ സംബന്ധിച്ചു തീരുമാനമെടുക്കുന്നത് അടുത്ത ഇടതുമുന്നണി യോഗത്തിനുശേഷം മതിയെന്ന് ഇന്നലെ ചേര്‍ന്ന സി.പി. ഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
ചെയര്മാന് സ്ഥാനങ്ങളിലേയ്ക്കു പരിഗണിയ്ക്കാനായി ജില്ലാ കൗണ്‍സിലുകള്‍ നല്കിയ നിര്‍ദേശങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രം മതി എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. എന്നാല്‍ തങ്ങളുടെ കൈവശമുള്ള ചില ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ചെയര്മാന്മാരെയും പ്രസിഡന്റുമാരേയും സി.പി.എം തീരുമാനിച്ച സ്ഥിതിയ്ക്കു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകരുതെന്ന അഭിപ്രായവും എക്സിക്യൂട്ടിവില്‍ ഉണ്ടായി.
മറ്റു പാര്‍ട്ടികളില്‍ നിന്ന് സി.പി.ഐയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്നും എക്സിക്യുട്ടിവ് വിലയിരുത്തി. കഴിഞ്ഞ രണ്ടു സമ്മേളന കാലയളവില്‍ സി.പി.എമ്മില്‍ നിന്നും ധാരാളം പേര് സി.പി.ഐയുടെ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
മറ്റു ബൂര്‍ഷ്വാ-വര്‍ഗീയ പാര്ട്ടികളിലേയ്ക്കു പോകാന്‍ തയ്യാറാകാത്തവരാണു ഇടതുപക്ഷമെന്ന രീതിയില്‍ സി.പി.ഐയിലേയ്ക്ക് വരുന്നത്. ബി.ജെ.പിയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് തടയുകയാണ് പ്രധാനം എക്സിക്യുട്ടിവ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."