ഉരുള്‍പൊട്ടല്‍: കേന്ദ്ര ജിയോളജിക്കല്‍ സംഘം മലയോര മേഖലയില്‍ പരിശോധന നടത്തി
മുക്കം: മാസങ്ങള്‍ക്കു മുന്‍പ് നിരവധി തവണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ മലയോര മേഖലയില്‍ കേന്ദ്ര ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണു മലയോര മേഖലയിലും സംഘമെത്തിയത്.
26 ഓളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ കാരശ്ശേരി പഞ്ചായത്തിലാണ് സംഘം എത്തിയത്. ജിയോ സയന്റിസ്റ്റ് ഡോ. സമീര്‍ അഹമ്മദ് ഷാ, രാഹുല്‍ കുമാര്‍ ചൗര്‍സേ, വിജയന്‍ എന്നിവരാണു പരിശോധനയ്‌ക്കെത്തിയത്. പഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെത്തിയ സംഘം വിശദമായി പരിശോധന നടത്തുകയും നാട്ടുകാരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ആരായുകയും ചെയ്തു. മഴ ശക്തമായ സാഹചര്യത്തില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തു വെള്ളം ഒലിച്ചുപോകാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അപകടഭീഷണിയിലായ പാറക്കഷ്ണങ്ങള്‍ പൊട്ടിച്ചു മാറ്റി ഭീഷണി ഒഴിവാക്കണമെന്നും സംഘം നിര്‍ദേശം നല്‍കി. രണ്ടു മാസത്തിനകം പരിശോധന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും റവന്യു വകുപ്പിനും കൈമാറുമെന്നും സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."