ആഴിയുടെ അടിത്തട്ടിലേക്ക് ഊളിയിടാന്‍ ശാസ്ത്രസംഘം
ന്യൂയോര്‍ക്ക്: മനുഷ്യ ചരിത്രത്തിലാദ്യമായി സമുദ്രത്തിന്റെ ഇനിയും എത്തിപ്പിടിക്കപ്പെടാത്ത മേഖലകള്‍ കണ്ടുപിടിക്കാന്‍ പുതിയ പര്യവേക്ഷണദൗത്യം. ആഴിയുടെ ഏറ്റവും അടിത്തട്ടിലേക്കാണു ശാസ്ത്രസംഘം പര്യവേക്ഷണത്തിനൊരുങ്ങുന്നത്. അഞ്ചു സമുദ്രങ്ങളിലും സംഘം പര്യവേക്ഷണം നടത്തും.
'ഫൈവ് ഡീപ്‌സ് എക്‌സ്‌പെഡിഷന്‍' എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന് വെള്ളത്തിന്റെ അടിത്തട്ടിലേക്കു മുങ്ങാനാകുന്ന പ്രത്യേക വാഹനം ഉപയോഗിക്കും. മൂന്നു വര്‍ഷത്തിലേറെ സമയമെടുത്തു നിര്‍മിച്ചതാണു രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനം. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്നുള്ള സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഈ വാഹനത്തിനു സാധിക്കും. ടൈറ്റാനിയം ഉള്‍പ്പെടെയുള്ള പ്രത്യേക ധാതുക്കള്‍ ഉപയോഗിച്ചാണു വാഹനം നിര്‍മിച്ചിരിക്കുന്നത്. ആദ്യം ബോട്ടിന്റെ സഹായത്തോടെ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു യാത്ര തിരിക്കുന്ന വാഹനം പിന്നീട് വേര്‍പ്പെട്ടു സ്വതന്ത്ര സഞ്ചാരം നടത്തുകയാണു ചെയ്യുക. ഫ്‌ളോറിഡയിലെ എല്‍.എല്‍.സി ട്രിറ്റണ്‍ സബ്മറീന്‍സ് കമ്പനിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.
യു.എസ് സ്വദേശിയായ വിക്ടര്‍ വെസ്‌ക്കോവോ ആണു പര്യവേക്ഷണത്തിനു നേതൃത്വം നല്‍കുക. സാങ്കേതികവിദ്യയുടെ പരിമിതികളെ ഭേദിച്ചു മുന്നോട്ടുപോകുന്നതില്‍ മാത്രമല്ല, സമുദ്രത്തെ കുറിച്ച് ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത കാര്യങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയെ കൂടി താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് വിക്ടര്‍ പറഞ്ഞു. അടുത്ത വര്‍ഷം പര്യവേക്ഷണത്തിനു തുടക്കമിടാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."