വിജയ് ഹസാരെ ട്രോഫി: ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ചാംപ്യന്മാര്
ബംഗളൂരു: കലാശപ്പോരില്‍ ഡല്‍ഹിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ വിജയ്ഹസാരെ ക്രിക്കറ്റ് ട്രോഫിയില്‍ മുത്തമിട്ടു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് മുംബൈയുടെ വിജയം. മൂന്നാം തവണയാണ് മുംബൈ വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കുന്നത്. ഇതിനു മുന്‍പ് 2006-2007 സീസണിലാണ് മുംബൈ അവസാനമായി ജേതാക്കളായത്.
ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 45.4 ഓവറില്‍ 177 റണ്‍സിന് പുറത്താക്കി മറുപടി ബാറ്റിങിനിറങ്ങിയ മംബൈ 35 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഷിവം ഡുബിയും ദവാല്‍ കുല്‍ക്കര്‍ണിയും എറിഞ്ഞൊതുക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 41 റണ്‍സെടുത്ത ഹിമ്മത്ത് സിങും 31 റണ്‍സ് നേടിയ ധ്രുവ് ഷോറെയുമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ ഗംഭീറിന് ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തുഷാര്‍ ദേശ്പാണ്ഡെ രണ്ടു വിക്കറ്റ് നേടി.
മറുപടിയില്‍ ഡല്‍ഹിയും ബൗളിങ് ശക്തമാക്കിയതോടെ മുംബൈ പതറിയെങ്കിലും വിക്കറ്റ് കീപ്പര്‍ ആദിത്യ താരെയുടെ (71) വീരോചിത ഇന്നിങ്സ് മുംബൈക്ക് തുണയായി. നാലിന് 44 റണ്‍സെന്ന നിലയിലേക്ക് വീണ മുംബൈയെ ആദിത്യ താരെയും സിദേശ് ലാഡും(48) കരകയറ്റുകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി നവ്ദീപ് സൈനി മൂന്ന് വിക്കറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."