തിരുത്തേണ്ട തെറ്റ്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ഏഴോളം പേരുടെ മക്കള്‍ പഠിക്കുന്നത് കോര്‍പറേറ്റുകള്‍ നേതൃത്വം നല്‍കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ്
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ജീവനക്കാരുടെ മക്കള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠനം തുടരുന്നു. ഏറെ സമ്മര്‍ദമുണ്ടായിട്ടും ഇവരെ ഇവിടെ നിന്നു മാറ്റിചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തയാറായിട്ടില്ല. നേരത്തെ ഇതു സംബന്ധിച്ച് കൂടിയാലോചനാ യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ചിലരുടെ മക്കള്‍ പഠിക്കുന്നതിനെ കുറിച്ചു പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനമുയര്‍ത്തിയിട്ടും തിരുത്താന്‍ തയാറായില്ല.
അണ്‍ എയ്ഡഡ് രംഗത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തു ജോലി ചെയ്യുന്നവരുടെ മക്കള്‍പോലും പഠിക്കുന്നുണ്ട്. ഇതേകുറിച്ചു ചോദിച്ചപ്പോള്‍ തങ്ങളുടെ മക്കള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പഠിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഇവരുടെ മറുപടി. ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ഏഴോളം പേരുടെ മക്കള്‍ പഠിക്കുന്നത് കോര്‍പറേറ്റുകള്‍ നേതൃത്വം നല്‍കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ്. ഇതുകൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു നേതൃത്വം നല്‍കിയ അധ്യാപക സംഘടനാ നേതാക്കള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ മക്കളും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നു വിദ്യ നേടുന്നുണ്ട്.
അണ്‍ എക്കണോമിക്കായി സര്‍ക്കാര്‍ വിലയിരുത്തിയ ചില എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനധ്യാപികമാരുടെ മക്കള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനസംഖ്യാനിരക്ക് കുറഞ്ഞു തുടങ്ങിയശേഷം സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ വന്‍ വര്‍ധനവാണ് ഇക്കുറിയുണ്ടായത്. വര്‍ഷങ്ങളായി ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. കഴിഞ്ഞ തവണ 2,49,533 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ 3000 കുട്ടികള്‍ കൂടുതലായെത്തി. എന്നാല്‍ ഇതിന്റെ ഗുണഫലം കൂടുതല്‍ ലഭിച്ചത് എയ്ഡഡ് സ്‌കൂളുകള്‍ക്കാണെന്നാണ് വിമര്‍ശനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇവര്‍ക്ക് വിദ്യാര്‍ഥികളെ കൂടുതല്‍ ലഭിച്ചതിനാല്‍ ലക്ഷങ്ങള്‍ കോഴവാങ്ങി ഈ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."