പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അവഗണന
നീലേശ്വരം: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളും മാതൃഭാഷയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളും ഉണ്ടാകുമ്പോഴും ജില്ലയിലെ എച്ച്.എസ്.എ മലയാളം തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ മാറി നില്‍ക്കുകയാണെന്ന് റാങ്ക് പട്ടികയിലുള്ളവരുടെ പരാതി. നിലവില്‍ ഇരുപത്തഞ്ചോളം ഒഴിവുകള്‍ ജില്ലയിലുണ്ട്.
എന്നാല്‍ ഡി.ഡി.ഇ ഓഫിസില്‍ നിന്ന് നാമമാത്രമായ ഒഴിവുകള്‍ മാത്രമാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാധാരണ നിലയില്‍ ഓരോ അക്കാദമിക വര്‍ഷത്തിലും ഉണ്ടാകുന്ന ഒഴിവിന്റെ 30 ശതമാനം വീതം പ്രൈമറി അധ്യാപകരുടെ സ്ഥാനക്കയറ്റം വഴിയും അന്തര്‍ജില്ലാ സ്ഥലം മാറ്റം വഴിയും നികത്തും. 10 ശതമാനം തസ്തിക മാറ്റം വഴിയാണു നികത്തുക. ബാക്കി വരുന്ന 30 ശതമാനം പി.എസ്.സി വഴി നിയമിക്കപ്പെടേണ്ടതാണ്. കൂടാതെ അന്തര്‍ജില്ലാ സ്ഥലം മാറ്റം കഴിഞ്ഞ ബാക്കി വരുന്ന ഒഴിവുകളും പി.എസ്.സിക്ക് നല്‍കേണ്ടതാണ്.
2015-16, 16-17 അക്കാദമിക വര്‍ഷങ്ങളില്‍ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക ജില്ലയില്‍ നിലവിലുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ഈ വര്‍ഷങ്ങളില്‍ പ്രൈമറി അധ്യാപകരുടെ പ്രമോഷന്‍, അന്തര്‍ജില്ലാ സ്ഥലം മാറ്റം എന്നിവ വഴി ഒഴിവുകള്‍ നികത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി പി.എസ്.സിക്കു നല്‍കേണ്ട ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതോടൊപ്പം അന്തര്‍ജില്ലാ സ്ഥലം മാറ്റം കഴിഞ്ഞു ബാക്കി വന്ന ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
2012 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ചു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് ജില്ലയില്‍ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക നിലവില്‍ വന്നത്.
ഇതില്‍ നിന്നു സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ നിയമനങ്ങള്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെയായും അതുണ്ടായിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ ഉണ്ടായിട്ടും പി.എസ്.സി വഴി നിയമനം നടത്താതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന ജീവനക്കാരുടെ നടപടി കണ്ടറിഞ്ഞ് മന്ത്രി ഇടപെടണമെന്നാണ് റാങ്ക് പട്ടികയിലുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."