'ആര്‍.ബി.ഐയില്‍ നിന്നുള്ള കൊള്ളയൊന്നും മതിയാകില്ല'; കരുതല്‍ ശേഖരം വാങ്ങിയ കേന്ദ്ര നടപടിക്കെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.769 ലക്ഷം കോടി രൂപ കൈപ്പറ്റിയ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍.ബി.ഐയില്‍ നിന്നുള്ള കൊള്ള എന്നാണ് നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
'സ്വനിര്‍മിത സാമ്പത്തിക ദുരന്തത്തിന് എങ്ങനെ പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല. ആര്‍.ബി.ഐയില്‍ നിന്നുള്ള കൊള്ള നടക്കാന്‍ പോകുന്നില്ല. വെടിയേറ്റ മുറിവില്‍ ഒട്ടിക്കാന്‍ ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡ്-എയ്ഡ് മോഷിടിക്കും പോലെയാണിത്'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐയുടെ അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ വാങ്ങിയത്.
റിസര്‍വ് ബാങ്ക് കരുതല്‍ പണമായി സൂക്ഷിച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കണ്ണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കരുതല്‍ ധനം എടുത്ത് ചെലവഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം എതിര്‍ത്തതു റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കിയിരുന്നു. ഏറ്റുമുട്ടല്‍ തണുപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പരിശോധിക്കാനായി മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ ആറംഗസമിതിയെ നിയോഗിച്ചത്.
കേന്ദ്രത്തിനു പിടിവള്ളിയൊരുക്കി കരകയറ്റണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ അധിക കരുതല്‍ ധനം പങ്കിടുന്നതു സംബന്ധിച്ച ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ അപ്പാടെ നടപ്പാക്കാനാണ് ആര്‍.ബി.ഐ തീരുമാനിച്ചത്.
നികുതിവരുമാനത്തിലെ ഭിന്നത പരിഹരിക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് ആര്‍.ബിഐയുടെ വിലയിരുത്തല്‍. എന്നാല്‍, ഈ താല്‍ക്കാലികാശ്വാസ നടപടി വിത്തെടുത്തു കുത്തുന്നതു പോലെയാണെന്ന വിലയിരുത്തലുണ്ട്. നേരത്തേ ഇത്തരമൊരു നീക്കം കേന്ദ്രം നടത്തിയിരുന്നെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുന്ന നീക്കമാവും ഇതെന്നു ചൂണ്ടിക്കാട്ടി അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തടഞ്ഞിരുന്നു. ഇത് സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ നിന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചു. ഉര്‍ജിത് പട്ടേല്‍ പടിയിറങ്ങുന്നതില്‍ വരെ ഈ തര്‍ക്കമെത്തി.
അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് അനുവദിച്ച 1,76,051 കോടി രൂപ കേന്ദ്രസര്‍ക്കാരിനു ഘട്ടംഘട്ടമായാണു നല്‍കുകയെന്ന് ആര്‍.ബി.ഐയുടെ ഔദ്യോഗികപ്രസ്താവനയില്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ 201819 കാലയളവിലെ കരുതല്‍ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്‌കരിച്ച ഇക്കണോമിക് കാപ്പിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും കൈമാറാനാണു തീരുമാനം.
രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവഗുരുതരമായി തുടരുകയും വിപണിയിലെ മാന്ദ്യം കാരണം തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, സര്‍ക്കാരിന് ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ സുപ്രധാന തീരുമാനം. അടുത്ത മാര്‍ച്ചിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനു ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും. റിസര്‍വ് ബാങ്കിന് ഇത്രയും കരുതല്‍പണത്തിന്റെ ആവശ്യമില്ലെന്നും അതില്‍നിന്ന് 3.6 ലക്ഷം കോടി തങ്ങള്‍ക്ക് നല്‍കണമെന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം. 2017ല്‍ 50,000 കോടി രൂപ സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു. 2016ല്‍ 30,659 കോടി രൂപയും നല്‍കി.
എന്നാല്‍ ഇത്തരത്തില്‍ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അര്‍ജന്റീനയിലെ കേന്ദ്രബാങ്ക് കരുതല്‍തുകയില്‍ നിന്നു 600 കോടി ഡോളര്‍ സര്‍ക്കാരിന് നല്‍കിയതോടെ നേരിട്ട കനത്ത സാമ്പത്തിക തകര്‍ച്ച ഉദാഹരിച്ചുമായിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് അന്ന് തള്ളിയത്.
കരുതല്‍ ധനം എന്നാല്‍
അടിയന്തര സാമ്പത്തികപ്രതിസന്ധികള്‍ നേരിടാനാണ് രാജ്യത്തെ സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സംവിധാനമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരുതല്‍ ധനം സൂക്ഷിയ്ക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ കരുതല്‍പണം ഇന്ത്യന്‍ വിപണി പിടിച്ചുനിര്‍ത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. അച്ചടിക്കുന്ന നോട്ടുകളില്‍ നിശ്ചിതതുക കരുതലായി ശേഖരിച്ചാണ് റിസര്‍വ് ബാങ്ക് വിപണി നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."