എ.ടി.എമ്മില്‍ നിന്നു ലഭിച്ചത് ഒട്ടിച്ച നോട്ടുകള്‍
നീലേശ്വരം: എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നു ലഭിച്ചത് കീറി ഒട്ടിച്ച നോട്ടുകള്‍. നീലേശ്വരത്തു വളര്‍ത്തുമൃഗങ്ങളുടെ വില്പനശാല നടത്തുന്ന കൊയാമ്പുറത്തെ പി.കെ സുജിത്തിനാണു കീറി ഒട്ടിച്ച നിലയിലുള്ള മൂന്നു നൂറിന്റെ നോട്ടുകള്‍ നീലേശ്വരം തെരു റോഡിലുള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നു ലഭിച്ചത്. ബുധനാഴ്ച രാത്രി 8500 രൂപയാണ് സുജിത്ത് പിന്‍വലിച്ചത്. സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടെ മറഞ്ഞ രീതിയിലായിരുന്നു നോട്ടുകള്‍ ഒട്ടിച്ചിരുന്നത്. മറ്റു ചില നോട്ടുകള്‍ തീക്കനല്‍ വീണു കത്തിയനിലയിലാണെന്നും ഇദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇന്നലെ നീലേശ്വരത്തെ എസ്.ബി.ഐ ശാഖയിലെത്തിയ സുജിത്തിനു മുന്നില്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ് ചെയ്തതെന്നാണു പരാതി. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ കാഞ്ഞങ്ങാടെ ശാഖയില്‍ ചെന്നു പരാതി നല്കണമെന്നായിരുന്നത്രേ മറുപടി. തുടര്‍ന്ന് അദ്ദേഹം കാഞ്ഞങ്ങാടെത്തി പരാതി നല്കി. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നത് തങ്ങളല്ലെന്നും ഏജന്‍സിയാണെന്നും ആദ്യമായാണ് ഇത്തരം പരാതി ലഭിക്കുന്നതെന്നും അറിയിച്ച അധികൃതര്‍ കീറി ഒട്ടിച്ച നോട്ടുകള്‍ മാറ്റി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."