ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പിതാവ്
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും കെ.സി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.
കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ ബാല ഭാസ്‌കറിന്റെ കുഞ്ഞും മരിച്ചിരുന്നു. അപകടശേഷം കാറോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഡ്രൈവറായ അര്‍ജുന്‍ മൊഴി നല്‍കിയിരുന്നത്. ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഇരട്ടിച്ചത്. പൊലിസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. എന്നാല്‍ ക്രൈംബ്രാഞ്ച് അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു.
അമിത വേഗതയിലായ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ എന്തിനാണ് അര്‍ജുന്‍ കള്ളം പറഞ്ഞതെന്ന സംശയം ഇപ്പോഴും തീര്‍ക്കാനായിട്ടില്ല. ഇതുകൊണ്ടുതന്നെ കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നതാണ് പിതാവിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."