അനീതികളോട് രാജിയാവാത്ത രാജികള്‍
കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്താണ് കണ്ണന്‍ ഗോപിനാഥനെ മലയാളി തിരിച്ചറിഞ്ഞത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ ദുരിതാശ്വാസ ക്യാംപില്‍ ചുമട് എടുക്കുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹാവേലിയിലെ ഊര്‍ജ സെക്രട്ടറിയായ ഐ.എ.എസ് ഓഫിസറാണ് ദുരിതാശ്വാസ ക്യാംപില്‍ സേവനം ചെയ്യുന്നതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല ക്യാംപ് സന്ദര്‍ശിച്ചപ്പോഴായിരുന്നു പുറംലോകം അറിഞ്ഞത്.
ജോലിയില്‍നിന്നും ആര്‍ജിത ലീവെടുത്ത് ഒരു സാധാരണക്കാരനെപോലെ ക്യാംപില്‍ സേവനം നടത്തിയ കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് തന്റെ ഐ.എ.എസ് പട്ടം ഉപേക്ഷിച്ചുകൊണ്ടാണ്. സര്‍വിസില്‍ നിലനില്‍ക്കെ തന്റെ ഉള്ളില്‍ തിളയ്ക്കുന്ന അഭിപ്രായങ്ങള്‍ പുറത്തുപറയാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഐ.എ.എസിന്റെ പടികള്‍ ഇറങ്ങുന്നത്. കശ്മിര്‍ പ്രശ്‌നത്തില്‍ സ്വതന്ത്രാഭിപ്രായം പറയാനാവാത്ത മുള്‍ വേലിയാണ് ഐ.എ.എസ് പദവിയെന്ന് സര്‍വിസില്‍ 27 വര്‍ഷത്തിലധികം ഇനിയും ബാക്കിയുള്ള ഈ യുവ ഐ.എ.എസ് ഓഫിസര്‍ പറയുമ്പോള്‍ രാജ്യത്തെ ചില തുരുത്തുകള്‍ പ്രകാശകിരണങ്ങള്‍ പൊഴിക്കുന്നു എന്ന അവാച്യമായ ആനന്ദമാണ് നല്‍കുന്നത്.
ഐ.എ.എസ് പോലുള്ള മോഹിപ്പിക്കുന്ന പദവി ഇന്നൊരാള്‍ പിച്ചളപിന്ന് പോലെ വലിച്ചെറിയുക എന്നത് ഏറ്റവും പ്രിയപ്പെട്ടതിനെ ഉപേക്ഷിക്കുക എന്ന മഹാത്യാഗത്തെയാണ് അടയാളപ്പെടുത്തുന്നത്. അനിശ്ചിതമായ ഒരു ഭാവിയിലേക്കാണ് കണ്ണന്‍ ഗോപിനാഥന്‍ കാലെടുത്ത് വയ്ക്കുന്നത്. തനിക്ക് കൈയും കാലും ഉണ്ടെന്നും അത് ഉപയോഗിച്ച് ജീവിക്കുമെന്നും അപ്പോഴെങ്കിലും തനിക്ക് തന്റെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാമല്ലൊ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാല്‍ മരവിച്ച മനഃസാക്ഷിയുള്ള ഒരു പൊതുസമൂഹത്തെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കാനുള്ളത്. മാത്രമല്ല, ഭരണഘടന സ്ഥാപനങ്ങള്‍പോലും മൃതപ്രായത്തിലാണ്. തന്റെ രാജിയുടെ വാര്‍ത്താമൂല്യം കൂടുതല്‍ ദിവസം നിലനില്‍ക്കുകയില്ലെന്ന് കണ്ണന്‍ ഗോപിനാഥന് തന്നെ നിശ്ചയമുണ്ട്. പൊതുസമൂഹം ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ണന്‍ ഗോപിനാഥനെപ്പോലുള്ള സഞ്ജീവ് ഭട്ട് ഐ.പി.എസ്, കശ്മിരില്‍ ഐ.എ.എസ് ത്യജിച്ച ഷാഫൈസല്‍ തുടങ്ങിയ സ്വതന്ത്രവാദികള്‍ അന്വേഷിക്കാറില്ല. രാജ്യത്തെ പിടിച്ച്കുലുക്കുന്ന വമ്പന്‍ അഴിമതികള്‍ക്കെതിരേയും അസഹിഷ്ണുതകള്‍ക്കെതിരേയും ഐതിഹാസിക സമരം നടത്തിയ പൊതുസമൂഹം ഇന്ന് നിര്‍ജീവമാണ്.
എല്ലാറ്റിനോടും സമരസപ്പെടുന്ന ഒരു സമൂഹത്തില്‍ സഞ്ജീവ് ഭട്ടും കണ്ണന്‍ ഗോപിനാഥും ഷാഫൈസലും ഒറ്റപ്പെട്ട ശബ്ദങ്ങളാണ്. എന്നാല്‍ ഇവര്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിന്റെ തെളിവാണ് സഞ്ജീവ് ഭട്ട് എന്ന ഐ.പി.എസ് ഓഫിസര്‍. പണ്ടെന്നോ കഴിഞ്ഞ ഒരു കസ്റ്റഡി മരണത്തിന്റെ പേരില്‍ അധികാരികള്‍ അദ്ദേഹത്തെ ജയിലറയില്‍ അടച്ചിട്ടിരിക്കുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് തെളിവ് സഹിതം റിപ്പോര്‍ട്ട് നല്‍കിയതാണ് അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. നേരത്തെ, ഭരണകൂടം നിരന്തരം വേട്ടയാടിയിട്ടും സത്യം വിളിച്ച്പറയുന്നതില്‍ നിന്നദ്ദേഹം പിന്തിരിഞ്ഞില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ടകാലത്തിലൂടെയാണ് നമ്മള്‍ കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഈകാലത്തെ നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യുമെന്നും ഭാര്യക്കും മകള്‍ക്കും ജയിലറയില്‍നിന്നും എഴുതിയ ഹൃദയസ്പര്‍ശിയായ കത്തില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
സമാനമായ ചുറ്റുപാടില്‍നിന്ന് തന്നെയാണ് യുവ ഐ.എ.എസ് ഓഫിസറായിരുന്ന, തന്റെ മുന്‍ ബാച്ചിലെ ഏറ്റവും ബുദ്ധിമാനായിരുന്ന ഐ.എ.എസ് ഓഫിസറെന്ന് കണ്ണന്‍ ഗോപിനാഥന്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന ഷാഫൈസലും രാജിവച്ചൊഴിഞ്ഞത്. അദ്ദേഹം ഇന്ന് കശ്മിരില്‍ വീട്ട്തടങ്കലിലാണ്. ഷാ ഫൈസലിനെ പുറത്ത്‌കൊണ്ടുവരുവാന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിപോലും പരിഗണനക്കെടുക്കാത്ത ന്യായാധിപ ലോകമാണ് ഇന്നുള്ളത്. പുറംലോകം കാണാതെ മറ്റുകശ്മിരികളെപ്പോലെ ദിവസങ്ങളായി ആ ഐ.എ.എസ് ഓഫിസറും കാരാഗൃഹത്തിലെന്നപോലെ കഴിയുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ഘോഡാഭായ് പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ദാദ്ര-നഗര്‍ ഹാവേലിയിലെ ഊര്‍ജ സെക്രട്ടറിയായ കണ്ണന്‍ ഗോപിനാഥന്‍ രാജിവയ്ച്ചതെന്ന വന്‍കിട മാധ്യമങ്ങളുടെ പ്രചാരണം അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന മഹാത്യാഗത്തെ ചുരുക്കിക്കാണിക്കാനാണ്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞാണ് ഗുജറാത്തില്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ഘോഡാഭായ് പട്ടേല്‍ കണ്ണന്‍ ഗോപിനാഥനോട് വിശദീകരണം ചോദിച്ചത്. അതിനദ്ദേഹം ഉചിതമായ മറുപടിയും നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് കശ്മിര്‍ പോലുള്ള ഒരു സംഭവം അവരുടെ നാട്ടില്‍ സംഭവിക്കാത്തത്‌കൊണ്ടാണെന്ന് കണ്ണന്‍ ഗോപിനാഥന്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം പ്രാവശ്യം അധികാരത്തില്‍വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനവും ഭരണഘടനയിലെ വ്യവസ്ഥകള്‍ ഓരോന്നായി എടുത്ത്മാറ്റുന്നതും ഈ പത്രമാധ്യമങ്ങള്‍ക്ക് വിഷയമല്ല.
കേന്ദ്രസര്‍ക്കാരിന് കശ്മിരിന്റെ പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാം. എന്നാല്‍ അതിനെതിരേ ശബ്ദിക്കാന്‍ പാടില്ല എന്നത് രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും അടിച്ചമര്‍ത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. അറിയാനുള്ള അവകാശവും അറിഞ്ഞതിനെതിരേ പ്രതികരിക്കാനുള്ള അവകാശവും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ അത് എവിടെയാണ്. എത്ര അടിച്ചമര്‍ത്തലുകളുണ്ടായാലും പീഡിതരുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഒരു കാലം വരികതന്നെ ചെയ്യും. കഴിഞ്ഞ 23 ദിവസമായി കശ്മിരികളെ അവരുടെ സ്വതന്ത്രാഭിപ്രായം പുറത്തുവിടുന്നതില്‍ തടഞ്ഞുവച്ചതിനെതിരേയാണ് തന്റെ രാജിയെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ രാജി ഏകാധിപത്യത്തിനെതിരെയുള്ള തീക്ഷ്ണസമരമായി മാറുകയാണ്.
അവനവന് തന്നെ ശബ്ദം നഷ്ടമാകുകയും മറ്റുള്ളവരുടെ ശബ്ദമാകാന്‍ കഴിയാതെവരുമ്പോഴുമാണ് കണ്ണന്‍ ഗോപിനാഥനെപ്പോലുള്ളവര്‍ ഭരണകൂട വിലക്കുകളെ ലംഘിച്ച് പുറത്ത്കടക്കുന്നത്. തന്റെ അഭിപ്രായങ്ങള്‍ തനിക്ക് തിരികെവേണമെന്ന് പറയുന്ന ഇത്തരം നട്ടെല്ലുകളുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരും ഐ.പി.എസ് ഉദ്യോഗസ്ഥരും ഇരുണ്ടുപോകുന്ന ഇന്ത്യയില്‍ നക്ഷത്രദീപ്തിയുള്ള വിളക്കുമാടങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."