ശിക്ഷാകാലാവധി കഴിഞ്ഞു: പി.കെ ശശി സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക്
പാലക്കാട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി ഉടന്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തും.
ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. പ്രഖ്യാപനം സംസ്ഥാന കമ്മിറ്റി നടത്തും. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണു ശശിക്ക് പാര്‍ട്ടി അംഗത്വം തിരികെനല്‍കാനും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചത്. ഇനി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതോടെ ശശി പാര്‍ട്ടിയിലും ജില്ലാ കമ്മിറ്റിയിലും തിരിച്ചെത്തും. അതേസമയം, രാവിലെ ആരംഭിച്ച ജില്ലാ കമ്മിറ്റിയില്‍ വിഷയത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ചന്ദ്രന്‍, എം.ബി രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ നാരായണദാസ്, പി. മമ്മിക്കുട്ടി എന്നിവര്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ എതിര്‍ത്തു. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ് മൗനം പാലിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി മെയില്‍ അവസാനിച്ചെങ്കിലും തിരിച്ചെടുക്കുന്ന കാര്യത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം മറികടന്നാണ് ഇപ്പോള്‍ പാര്‍ട്ടിയിലേക്കുള്ള ശശിയുടെ മടങ്ങിവരവ്.
പരാതി നല്‍കിയപ്പോള്‍ പിന്തുണച്ചവരെ ഡി.വൈ.എഫ്.ഐ ഒറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പരാതിക്കാരി സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു. ശിക്ഷാനടപടിക്കുശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തുന്ന പി.കെ ശശിയെ ഏതുഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശിയുടെ സന്‍സ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ട് നാലുമാസത്തിലേറെയായി.
ഉചിതമായി സ്ഥാനം നല്‍കേണ്ടതുണ്ടെന്നും നടപടിക്രമം പൂര്‍ത്തീകരിച്ച ശേഷം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."