ഇത് ഓണ്‍ലൈന്‍ തട്ടിപ്പിലെ അപാരത!
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഇത്തരമൊരു വകഭേദം ആരും കേട്ടിരിക്കാന്‍ ഇടയില്ല. അക്കൗണ്ടില്‍നിന്ന് നേരത്തെ പണം നഷ്ടപ്പെട്ടതു സംബന്ധിച്ചു ബാങ്ക് അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ വിവരങ്ങള്‍ ചോര്‍ത്തി വിളിച്ച അജ്ഞാതനാണ് അക്കൗണ്ട് ഉടമകളുടെ പണം തട്ടിയെടുത്തത്. സംഭവം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കോവൂരില്‍. കോവൂര്‍ സ്വദേശികളായ മിനി മോള്‍, സിജി മോള്‍ എന്നിവരുടെ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
നേരത്തെ ഇവര്‍ എ.ടി.എമ്മില്‍നിന്ന് പണം പന്‍വലിച്ചമ്പോള്‍ സാങ്കേതിക തകരാര്‍ കാരണം പണം ലഭിച്ചിരുന്നില്ല. എന്നാല്‍ പണം അക്കൗണ്ടില്‍നിന്ന് ക്രെഡിറ്റ് ആകുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാണ്ടി ഇരുവരും ബാങ്കിന്റെ കോവൂര്‍ ശാഖയില്‍ പരാതി നല്‍കി. ഈ പരാതിയിലെ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് വിളിച്ചയാളാണ് തന്ത്രപൂര്‍വം ഒ.ടി.പി നമ്പറും പാസ്‌വേര്‍ഡും കൈക്കലാക്കി അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയത്. ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് മിനി പരാതി ഫയല്‍ ചെയ്തതെങ്കില്‍ സിജി മോള്‍ ബാങ്കിലെത്തി നേരിട്ടായിരുന്നു പരാതി നല്‍കിയത്. ബാങ്കിന് നല്‍കിയ പരാതിയില്‍ വിവരങ്ങള്‍ എങ്ങനെ തട്ടിപ്പ് സംഘത്തിന്റെ കൈവശമെത്തിയെന്നതും ദുരൂഹമായി തുടരുകയാണ്. അതേസമയം പരാതി ട്രാക്ക് ചെയ്ത് എടുത്തവരാണ് തട്ടിപ്പ് നടത്തിയതെന്നാണ് ബാങ്കിന്റെ വിശദീകരണം.
പരാതി നല്‍കിയ ഇരുവര്‍ക്കും ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞാണ് ഫോണ്‍ വിളി എത്തിയത്. പരാതി നല്‍കിയ തിയതി, എത്ര പണം നഷ്ടപ്പെട്ടു, ഈ സമയത്ത് അക്കൗണ്ടില്‍ എത്ര തുക ബാലന്‍സ് ഉണ്ടായിരുന്നു, ഇനി എത്ര ബാക്കിയുണ്ടാകും എന്നൊക്കെ അജ്ഞാതന്‍ കൃത്യമായി ഇരുവരെയും ധരിപ്പിച്ചു. നഷ്ടപ്പെട്ട പണം ഉടന്‍ അക്കൗണ്ടില്‍ വരുമെന്നും ഇപ്പോള്‍ മൊബൈലില്‍ മെസേജായി വന്ന ഒ.ടി.പി നമ്പര്‍ എത്രയെന്ന് പറയണമെന്നും ആവശ്യപ്പെടുകയായിരുന്നു. 10 സെക്കന്‍ഡിനുള്ളില്‍ ഒ.ടി.പി നമ്പര്‍ നല്‍കണമെന്ന് പറഞ്ഞതിനാല്‍ ഉടന്‍ നല്‍കി. എന്നാല്‍ ഉടന്‍ അക്കൗണ്ടില്‍നിന്ന് ബാലന്‍സുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇവര്‍ അറിയുന്നത്. ബിഹാര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കരുതുന്നത്.
ഉടന്‍ മെഡിക്കല്‍ കോളജ് പൊലിസുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടിയ തുക അന്വേഷണത്തിന് ചെലവാകുമെന്ന് പറഞ്ഞ് പൊലിസ് കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിനെ സമീപിച്ചതോടെയാണ് ഇന്റര്‍നെറ്റ് വഴിയുള്ള പുതിയ തട്ടിപ്പിന്റെ കഥ പുറത്തു വരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."