കേരളത്തില്‍ നിക്ഷേപത്തിന് യു.എ.ഇ കമ്പനികള്‍
തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം നടത്താന്‍ യു.എ.ഇയിലെ പ്രമുഖ കമ്പനികളായ മുബദലയും, ഡി.പി വേള്‍ഡും, ദുബൈ ഹോഡിങ് കമ്പനിയും. ഇതു സംബന്ധിച്ച് യു.എ.ഇ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നായ മുബദല താല്‍പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുളള മുബദലയുടെ ചെയര്‍മാന്‍ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, എയ്‌റോസ്‌പേസ് സി.ഇ.ഒ ഖാലിദ് അല്‍ ഖുബൈസി, പെട്രോകെമിക്കല്‍സ് ഡയരക്ടര്‍ ഖല്‍ഫാന്‍ സൗദ് ഖംസി, ഗവണ്‍മെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഹിന്ദ് അല്‍ ഖാസിമി, എയ്‌റോസ്‌പേസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ശ്രീധരന്‍ എസ് അയ്യങ്കാര്‍ തുടങ്ങിയവര്‍ മുബദലയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുകൂട്ടര്‍ക്കും യോജിപ്പുളള മേഖലകള്‍ കണ്ടെത്താന്‍ മുബദല ഉടന്‍ തന്നെ ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും.
കൂടാതെ കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുളള ദുബായ് ഡി.പി വേള്‍ഡിന്റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘവുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരള സര്‍ക്കാരുമായി സംയുക്ത സംരംഭമെന്ന നിലക്ക് ലോജിസ്റ്റിക് പാര്‍ക്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഡി.പി വേള്‍ഡ് സന്നദ്ധത അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള ജലപാതാ പദ്ധതിയില്‍ ഭാഗമാകാന്‍ അവര്‍ക്ക് അതിയായ താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
ചരക്കു നീക്കം സുഗമമാക്കാന്‍ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കാനും അവര്‍ സന്നദ്ധത അറിയിച്ചു.അവരും ഉടന്‍ തന്നെ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂടാതെ കേരളത്തില്‍ സ്മാര്‍ട് സിറ്റി നടപ്പിലാക്കുന്ന ദുബായ് ഹോഡിങ് ചെയര്‍മാന്‍ അബ്ദുല്ല ഹബ്ബായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.അവരും കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."