സൂപ്പര്‍ ബംഗളൂരു
പൂനെ: സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി പൂനെ സിറ്റി എഫ്.സി. ബംഗളൂരു എഫ്.സിയോടാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പൂനെ പരാജയപ്പെട്ടത്. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളിലൂടെ ഗോള്‍കീപ്പര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. തുടരേയുള്ള കൗണ്ടര്‍ അറ്റാക്ക് കാരണം ഗോള്‍കീപ്പര്‍മാര്‍ക്ക് വിശ്രമം ഇല്ലാത്ത മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്.
41-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുംമുമ്പ് 43-ാം മിനുട്ടില്‍ ഛേത്രിയുടെ രണ്ടാം ഗോളും പിറന്നതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബംഗളൂരു രണ്ട് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിക്ക് ശേഷം ഗോള്‍ തിരിച്ചടിക്കാന്‍ പൂനെ താരങ്ങളായ അല്‍ഫാരോയും മാര്‍സലീഞ്ഞോയും നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു.
എന്നാല്‍ ഗുര്‍പ്രീത് സിങ് സന്ധു ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി. ബംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ മിടുക്കുകൊണ്ടായിരുന്നു ടീം ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്. രണ്ടാം പകുതിക്ക് ശേഷം 64-ാം മിനുട്ടില്‍ മിക്കു പൂനെയുടെ ശവപ്പെട്ടിയില്‍ മൂന്നാമത്തെ ആണിയും അടിച്ച് ബംഗളൂരുവിന് 3-0ത്തിന്റെ ജയം സമ്മാനിച്ചു. ഒരു ഗോളെങ്കിലും തിരിച്ചടിക്കണമെന്ന വാശിയില്‍ പൂനെ താരങ്ങള്‍ ഉണര്‍ന്നു കളിച്ചെങ്കിലും ആശ്വാസ ഗോള്‍ നേടാന്‍ പൂനെ താരങ്ങള്‍ക്കായില്ല.
സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കൂടുതല്‍ ഗോള്‍ വഴങ്ങുന്നത് കണ്ട പൂനെ പരിശീലകന് രണ്ടാം പകുതി തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിരോധ നിരയില്‍ നിന്ന് താരങ്ങളെ പിന്‍വലിച്ചു തന്ത്രം മാറ്റിപ്പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് കളിയില്‍ ഒരു പോയിന്റുമായി പൂനെ ഒന്‍പതാം സ്ഥാനത്ത് നില്ക്കുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ബംഗളൂരു പട്ടികയില്‍ ഒന്നാമതെത്തി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും ചെന്നൈയിന് എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും.
പുതിയ സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ചെന്നൈയിന് നാലാം മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഗോവയോടും മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോടുമാണ് ചെന്നൈയിന് പരാജയപ്പെട്ടത്. ഇന്നത്തെ മത്സരത്തിലെങ്കിലും ജയിച്ച് ടൂര്‍ണമെന്റിലെ ആദ്യം ജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈയിന് ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."