അപകടം വരുത്തിയത് ലോറിയുടെ അമിത വേഗം
പാനൂര്‍: പാനൂര്‍-കൂത്തുപറമ്പ് റോഡില്‍ ഒരാളുടെ മരണത്തിനും പത്തു പേര്‍ക്കു പരുക്കേല്‍ക്കാനുമിടയായ അപകടം വരുത്തിയത് ലോറിയുടെ അമിത വേഗത. ഇന്നലെ രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍മാരായ വള്ളങ്ങാട് ഗുരുസന്നിധിക്ക് സമീപം കുനിയില്‍ അശോകന്‍, മൊകേരി ചെട്ട്യാന്‍ വീട്ടില്‍ സുരേഷ്, വള്ളങ്ങാട് സ്വദേശി ഷിജില്‍, കൂരാറയിലെ കേച്ചേരി സജീവന്‍, അമ്പാടി എന്ന നീജേഷ്, രാജീവ്ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി പാറാട് കണ്ണങ്കോട്ടെ നകുല്‍ ബാബു, ഈസ്റ്റ് വള്ള്യായി പടിഞ്ഞാറയില്‍ അതുല്‍ എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതുലിനു നട്ടെല്ലിന് സാരമായ ക്ഷതമേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് ലോറി ഓട്ടോസ്റ്റാന്‍ഡിലേക്കു പാഞ്ഞുകയറിയത്. അഞ്ച് ഓട്ടോറിക്ഷകളെ തട്ടിതെറിപ്പിച്ച ശേഷം ഫുട്പാത്തിന്റെ സ്ലാബിലൂടെ കയറി സമീപത്തെ കല്‍പക സ്റ്റോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സൂര്യ ട്രേഡേര്‍സ്, സാഗര്‍ ട്രാവല്‍സ്, ശ്രീ ഗണേഷ് ലോട്ടറി ഏജന്‍സീസ്, യെസ്‌മേന്‍ ഗാര്‍മെന്റ്‌സ് ഷോപ്പുകള്‍ ഭാഗികമായും കല്‍പ്പക സ്റ്റോര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അഞ്ചു ഓട്ടോറിക്ഷകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടം നടന്ന സ്ഥലത്തുനിന്നും അരകിലോമീറ്റര്‍ ദൂരെ രാവിലെ മറ്റൊരു ടിപ്പര്‍ കൂടി അപകടത്തില്‍പ്പെട്ടിരുന്നു. അമിതവേഗതയില്‍ സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചാണ് ലോറി നിന്നത്. ഡ്രൈവര്‍ക്കു പരുക്കേറ്റിരുന്നു. മാസങ്ങള്‍ക്കു മുമ്പുണ്ടായ ടിപ്പര്‍ അപകടത്തില്‍ മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."