സ്‌കൂളുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പന വ്യാപകം
പെരിങ്ങത്തൂര്‍: സ്‌കൂള്‍, ലോഡ്ജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പന സജീവം. പെരിങ്ങത്തൂര്‍, കരിയാട്, പുല്ലൂക്കര, കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതായും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരണവും ശക്തമാണ്.
നിരോധിത പാന്‍ മസാലകളും പുകയില ഉല്‍പന്നങ്ങളും കടകളും മറ്റും കേന്ദ്രീകരിച്ചു വില്‍പന നടക്കുന്നുവെന്നാണു വിവരം. മാസങ്ങള്‍ക്കു മുമ്പ് പെരിങ്ങത്തൂര്‍, കരിയാട്, പുല്ലൂക്കര പ്രദേശങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപയുടെ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ചൊക്ലി പൊലിസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസവും പൊലിസ് വ്യാപക റെയ്ഡ് നടത്തി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് കൂടുതലും ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അപസ്മാരം, കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന നിരോധിത ഗുളികകളായ സ്പാസ്‌മോ പ്രോക്‌സിവോണ്‍, അള്‍ട്രാ സെറ്റ് പ്ലസ് തുടങ്ങിയ മാരകമായ സൈഡ് എഫക്ട് ഉണ്ടാക്കുന്ന ടാബ്ലറ്റുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതായി മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍ പറയുന്നു. സൈപ്രോ എപ്റ്റാഡിന്‍ സിറഫ് ടെക്‌സോണ ടാബ്ലറ്റുകള്‍ മിക്‌സ് ചെയ്തു കഴിക്കുന്നത് മദ്യത്തിനേക്കാള്‍ വീര്യം കൂട്ടുന്നതും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിച്ചു വരുന്നതായും ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആയുര്‍വേദ മെഡിസിന്‍ എന്ന വ്യാജേന ലേഹ്യം രൂപത്തിലും ലഹരി വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.
ഇതോടൊപ്പം, വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ബോധവല്‍കരണം നടത്താനൊരുങ്ങുകയാണ് വിവിധ സംഘടനകളും ആരോഗ്യ വകുപ്പ് അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."