കണ്ണൂരിനിടയിലും കരിപ്പൂരിന്റെ ടേക്ക്ഓഫ്
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സംസ്ഥാനത്ത് അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന വിമാനത്താവളങ്ങളില്‍ കരിപ്പൂര്‍ ഒന്നാം സ്ഥാനത്ത്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെയും വിവരങ്ങള്‍ താരതമ്യം ചെയ്ത് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയം പുറത്തുവിട്ട എയര്‍ട്രാഫിക് കണക്കെടുപ്പിലാണ് കരിപ്പൂരില്‍ അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 10.3 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയത്. കൊച്ചയില്‍ ഇക്കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 1.2 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. തിരുവനന്തപുരത്ത് 14.9 ശതമാനത്തിന്റെ കുറവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. പുതിയ വിമാനത്താവളമായ കണ്ണൂര്‍ വഴി 4,27,497 യാത്രക്കാരാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പറന്നത്.
8,76,711 യാത്രക്കാരാണ് കരിപ്പൂര്‍ വഴി ഇക്കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം യാത്രയായത്. എന്നാല്‍ ഇതേ കാലയളവില്‍ 2018ല്‍ 7,95,064 മാത്രമായിരുന്നു. ഈ വര്‍ഷത്തെ ജൂണിലെ മാത്രം കണക്കെടുത്താല്‍ 18.8 ശതമാനത്തിന്റെ വര്‍ധവാണ് കരിപ്പൂരിലുള്ളത്. 2,76, 668 യാത്രക്കാരാണ് ഇക്കഴിഞ്ഞ ജൂണില്‍ മാത്രം കരിപ്പൂര്‍ വഴി പറന്നത്. കഴിഞ്ഞ ജൂണില്‍ ഇത് 2,32,800 മാത്രമായിരുന്നു. നെടുമ്പാശ്ശേരിയില്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യമൂന്ന് മാസത്തില്‍ പറന്നത് 26,95,882 യാത്രക്കാരാണ്. മുന്‍വര്‍ഷം ഇതേ കാലയളില്‍ ഇത് 26,62,793 ആയിരുന്നു. ജൂണ്‍മാസത്തിലെ കണക്ക് പ്രകാരം കൊച്ചിയില്‍ 8.3 ശതമാനത്തിന്റെ വര്‍ധവാണുണ്ടായത്. തിരുവന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യം 11,46,420 യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ 2019ലെത്തിയപ്പോള്‍ ഇത് 9,75,822 ആയി കുറഞ്ഞു. ജൂണ്‍മാസത്തിലെ കണക്കുകള്‍ പ്രകാരം 10.6 ശതമാനത്തിന്റെ കുറവാണ് തിരുവനന്തപുരത്തുണ്ടായത്.
സഊദി സെക്ടര്‍ ഉള്‍പ്പടെ വിവിധ ഗള്‍ഫ് മേഖലകളിലേക്ക് കരിപ്പൂരില്‍ നിന്ന് പുതിയ സര്‍വിസുകള്‍ തുടങ്ങിയതാണ് യാത്രക്കാരുടെ വര്‍ധനവിന് കാരണം. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ജിദ്ദയിലേക്ക് സര്‍വിസ് പുനരാരംഭിച്ചത് കഴിഞ്ഞ ഡിസംബര്‍ മുതലാണ്. തിരുവനന്തപുരത്തേയും കൊച്ചിയിലേയും സര്‍വിസുകള്‍ ഇതിനായി വിമാന കമ്പനി കുറച്ചിരുന്നു. കണ്ണൂരില്‍ നിന്ന് വിമാന സര്‍വിസുകള്‍ ആരംഭിച്ചിട്ടും കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."